മണിപ്പൂരിൽ കോൺഗ്രസും ഇടതുപാർട്ടികളും ചേർന്ന് മഹാസഖ്യം

അടുത്ത മാസം സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിൽ കോൺഗ്രസ് ഇടതുപക്ഷം ഉൾപ്പെടെ ആറ് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ചു. കോൺഗ്രസ്, സി.പി.ഐ, സി.പി.എം, ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ സെക്കുലർ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന് ഒരു പൊതു മിനിമം പരിപാടി ഉണ്ടായിരിക്കും.

കഴിഞ്ഞ വർഷം അസമിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 10 പാർട്ടികളുടെ മഹാസഖ്യത്തിന് രൂപം നൽകിയിരുന്നു, അതിനെ മഹാജോത് എന്ന് വിളിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്തെ 126 സീറ്റുകളിൽ 50 സീറ്റുകൾ മാത്രമാണ് സഖ്യത്തിന് നേടാനായത്.മണിപ്പൂരിൽ കോമ്പിനേഷൻ വ്യത്യസ്തമായതിനാൽ ബിജെപിക്ക് കടുത്ത വെല്ലുവിളിയാകും.

മണിപ്പൂരിന് ഇത് സന്തോഷകരമായ ദിവസമാണെന്ന് വിശേഷിപ്പിച്ച മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ് പറഞ്ഞു, “നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ഈ സഖ്യം രൂപീകരിച്ചിരിക്കുന്നത്. സമാന ചിന്താഗതിക്കാരായ ആറ് മതേതര പാർട്ടികൾ ഒരുമിച്ച് മത്സരിക്കാൻ, ഒരു പൊതു ലക്ഷ്യത്തോടെയാണ് എത്തിയിരിക്കുന്നത്.”

മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് വ്യത്യസ്തമായി, സഖ്യത്തിന് ഒരു പൊതു മിനിമം പരിപാടി ഉണ്ടായിരിക്കും. 2002 മുതൽ 2017 വരെ  15 വർഷം മുഖ്യമന്ത്രിയായിരുന്ന സിംഗ് കൂട്ടിച്ചേർത്തു.

“സംസ്ഥാന തെരഞ്ഞെടുപ്പിനായി ഞങ്ങൾ ഈ സഖ്യം രൂപീകരിച്ചു, കാരണം ഈ മണ്ണിൽ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും വർഗീയവുമായ ഒരു പാർട്ടി അധികാരത്തിലുണ്ട്. അതിന്റെ നവലിബറൽ രാഷ്ട്രീയത്തിലൂടെ തൊഴിലാളിവർഗത്തിനെതിരെ പ്രവർത്തിച്ചു. അതിനാൽ മതേതര പാർട്ടികൾ ചേരേണ്ട സമയമാണിത്. ബി.ജെ.പിയെ തോൽപ്പിക്കാൻ”, സി.പി.ഐ സംസ്ഥാന സെക്രട്ടറി സതിൻ കുമാർ പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താൻ പാർട്ടികൾക്ക് ആത്മവിശ്വാസമുണ്ടെന്ന് മണിപ്പൂർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ നമീരക്പം ലോകെൻ സിംഗ് പറഞ്ഞു. ഖുറൈ അസംബ്ലി മണ്ഡലത്തിൽ സിപിഐ ഒറ്റയ്ക്ക് സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുമെന്നും മറ്റ് ഭൂരിഭാഗം സീറ്റുകളിലും കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തുമെന്നും പാർട്ടികൾ തീരുമാനിച്ചു.

പലയിടത്തും സൗഹൃദ മത്സരങ്ങളും ഉണ്ടാകും.