കാർത്തിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു, ഹിറ്റ്-4ൽ കാർത്തിക്കായി വലിയ പദ്ധതികൾ ഒരുക്കും : നാനി

തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ഹിറ്റ് 3. തെലുങ്ക് നടൻ നാനി നായകനായി എത്തിയ ചിത്രം ഇതിനകം 100 കോടിയിലധികം രൂപ ആഗോളതലത്തിൽ നേടി കഴിഞ്ഞു. തമിഴ് നടൻ കാർത്തിയും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തിയിരുന്നു. ഹിറ്റിന്റെ നാലാം ഭാഗത്തിന്റെ സൂചനകൾ നൽകുന്ന തരത്തിലുള്ള കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആ കഥാപാത്രത്തെ അവതരിപ്പിച്ചതിന് കാർത്തിയോട് നന്ദി പറയുകയാണ് നാനി.

‘ഈ അവസരത്തിൽ ഞാൻ കാർത്തിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇനിയും നിരവധി പ്രേക്ഷകർ കാണേണ്ടത് കൊണ്ട് കൂടുതൽ വിവരങ്ങൾ പറയുന്നില്ല. എന്നാൽ ഹിറ്റ് 4ൽ വലിയ പദ്ധതികൾ തന്നെ ഒരുക്കും,’ എന്ന് നാനി പറഞ്ഞു. ഹിറ്റ് 3 യുടെ വിജയാഘോഷ പരിപാടിയിലാണ് നാനി ഇക്കാര്യം പറഞ്ഞത്. എസിപി വീരപ്പൻ എന്ന കഥാപാത്രത്തെയാണ് കാർത്തി സിനിമയിൽ അവതരിപ്പിച്ചത്.

മെയ് ഒന്നിനാണ് ഹിറ്റ് 3 റിലീസ് ചെയ്തത്. സിനിമയിൽ ശ്രീനിധി ഷെട്ടിയാണ് നായികയായി എത്തിയത്. തെലുഗിൽ വൻ വിജയം നേടിയ ‘ഹിറ്റ്’, ‘ഹിറ്റ് 2’ എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് ഹിറ്റ് 3.