ഗവര്‍ണര്‍ ആര്‍.എസ്.എസ്; വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; രാജ്ഭവനിലേക്ക് യെച്ചൂരിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്; സമരം പ്രഖ്യാപിച്ച് സി.പി.എം

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് കാണുന്നത്. യൂണിവേഴ്‌സിറ്റികള്‍ കാവിവത്ക്കരണത്തിനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്.
ആരിഫ് മുഹമ്മദ് ഖാന്റെ് നടപടികള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് – സംഘപരിവാര്‍ അജണ്ടകളാണെന്നും ഇത്തരം നീക്കത്തെ ഭരണഘടനപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് ഗവര്‍ണറെ അനുകൂലിക്കുകയാണ്. ഇത് ദേശീയ നിലപാടിനു വിരുദ്ധമാണ്. ഗവര്‍ണറുടെ നീക്കങ്ങള്‍ ജനങ്ങളെ അണിനിര്‍ത്തി എതിരിടും. നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ മാര്‍ച്ച് നടത്തും. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

Read more

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാം. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടെ കത്ത് പുറത്തായ സാഹചര്യത്തില്‍ പ്രതികരിക്കവെ പിന്‍വാതില്‍ നിയമനം എന്ന നിലപാട് സിപി എമ്മിന്റേതല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ തിരുവനന്തപുരം മേയര്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് മാത്രം ജോലി ലഭിക്കണമെന്നും അദേഹം പറഞ്ഞു.