സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡം പ്രാബല്യത്തിൽ; കടകളിൽ എത്താൻ കോവിഡ് ഇല്ലെന്ന രേഖ നിർബന്ധം

സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് (ടിപിആര്‍) പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ഇന്ന് മുതൽ കടകളിൽ എത്താൻ കോവിഡ് ഇല്ലെന്ന രേഖ നിർബന്ധം. ആർടിപിസിആർ സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ ആണ് കരുതേണ്ടത്.

അവശ്യവസ്തുകള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കോവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പുറത്തു പോകാം. സ്‌കൂളുകള്‍, കോളജുകള്‍, ട്യൂഷന്‍ സെന്റുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല.

അതേസമയം ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിൽ താഴേത്തട്ടിൽ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.  ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നത്

അതേസമയം, വ്യപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഇന്ന് യോ​ഗം ചേരും. ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിലാണ് യോഗം. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുൾപ്പെടെയുളള അൺലോക്ക് നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകും