നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ലോക്‌സഭ; ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പൗരത്വഭേദഗതി ബില്‍ പാസ്സായി, എതിര്‍ത്ത് വോട്ട് ചെയ്തത് 80 പേര്‍

ഏഴ് മണിക്കൂറിലേറെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു. പി.കെ കുഞ്ഞാലികുട്ടി, എ.എം. ആരിഫ്, ശശി തരൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ആസദുദ്ദീന്‍ ഒവൈസി എന്നിവര്‍ നിര്‍ദ്ദേശിച്ച് ഭേദഗതികളാണ് വോട്ടിനിട്ടു തള്ളിയത്.

ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിച്ച് നേരത്തെ അസദുദീന്‍ ഒവൈസി ലോക്സഭയില്‍ പൗരത്വബില്‍ കീറിയെറിഞ്ഞിരുന്നു. പാകിസ്താന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അമുസ്‌ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ വ്യക്തമാക്കിയത്.

അതേസമയം, പൗരത്വ ബില്ലിന്റെ പേരില്‍ രാജ്യത്ത് കലാപത്തിന് ശ്രമിക്കുകയാണ്. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ബില്ലിന്റെ പേരിലുള്ള കള്ള പ്രചാരണം വിജയിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.

രണ്ടായിരത്തി പതിനാലിന് മുമ്പ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും, മുസ്ലീങ്ങള്‍ ഒഴികെയുള്ള അഭയാര്‍ത്ഥികള്‍ക്കാവും പൗരത്വം, ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികള്‍ പൗരത്വം നേടാന്‍ കുറഞ്ഞത് 11 കൊല്ലം ഇവിടെ താമസിച്ചിരിക്കണം എന്നത് അഞ്ച് വര്‍ഷമായി കുറയ്ക്കും എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.