കാണാതായ പതിനേഴുകാരനെ ചൈന ഇന്ത്യക്ക് കൈമാറി

അതിർത്തിയിൽ നിന്നും കാണാതായ പതിനേഴുകാരനെ ചൈന ഇന്ത്യൻ സൈന്യത്തിനു കൈമാറി. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വൈദ്യപരിശോധനയ്ക്കു ശേഷം യുവാവിനെ മാതാപിതാക്കൾക്കൊപ്പം വിടുമെന്ന് മന്ത്രി അറിയിച്ചു.

ഒരാഴ്ച മുൻപാണ് അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസികളായ മിറം തരോൺ, ജോണി യായൽ എന്നിവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ വന്നത്. ഔഷധസസ്യങ്ങൾ ശേഖരിക്കാനും വേട്ടയാടാനുമായി പോയവരാണിവർ. ഇതിൽ ജോണി യായൽ തിരികെയെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.തുടർന്ന് ചൈനീസ് സൈന്യവുമായി ഹോട്ട് ലൈൻ വഴി പ്രതിരോധമന്ത്രാലയം ആശയവിനിമയം നടത്തി.

യുവാവ് തങ്ങളുടെ പക്കൽ ഉണ്ടെന്നും വിട്ടുനൽകാമെന്നും ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി ഇന്ത്യയെ അറിയിക്കുകയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ചയാണ് മിറമിനെ ഇന്ത്യയ്ക്കു വിട്ടുനൽകിയത്.