യെച്ചൂരിയുടെ തോല്‍വി: ആശ്വാസം കേരള ഘടകത്തിന്‌

മുഖ്യശത്രുവായ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസുമായി സഹകരണത്തിനുള്ള വഴി തുറന്നിടണമെന്ന സീതാറാം യെച്ചൂരിയുടെ രാഷ്‌ട്രീയരേഖ കേന്ദ്രകമ്മിറ്റി തള്ളിയതില്‍ ആശ്വാസം സി.പി.എമ്മിന്റെ കേരള ഘടകത്തിന്‌. സംസ്‌ഥാനത്തെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസാണു പ്രധാന എതിരാളിയെന്നതാണു കാരണം.

ദേശീയതലത്തിലോ മറ്റു സംസ്‌ഥാനങ്ങളിലോ കോണ്‍ഗ്രസുമായുള്ള ഏതു നീക്കുപോക്കും കേരളത്തില്‍ സി.പി.എമ്മിനെതിരേ ബി.ജെ.പി. ആയുധമാക്കുമെന്ന വാദമാണു സംസ്‌ഥാന ഘടകത്തിന്റേത്‌. നേരത്തേ, കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ. സര്‍ക്കാരിനെ സി.പി.എം. പിന്തുണച്ചിട്ടുണ്ടെങ്കിലും അന്നു കേരളത്തില്‍ ബി.ജെ.പിയില്‍നിന്നുള്ള ഭീഷണി ഇത്ര ശക്‌തമായിരുന്നില്ല.
ജനറല്‍ സെക്രട്ടറിയായ യെച്ചൂരിയുടെ രേഖയ്‌ക്കു ബദല്‍ കൊണ്ടുവന്ന പ്രകാശ്‌ കാരാട്ടിന്റെ ഏറ്റവും വലിയ ശക്‌തി കേരള ഘടകത്തിന്റെ പിന്തുണയായിരുന്നു.

യെച്ചൂരി ലൈനിനോട്‌ അനുഭാവം പ്രകടിപ്പിച്ച തോമസ്‌ ഐസക്‌ വോട്ടിനു നില്‍ക്കാതെ മടങ്ങിയതോടെ, കേരളത്തില്‍നിന്നുള്ള എല്ലാ കേന്ദ്രകമ്മിറ്റിയംഗങ്ങളുടെ വോട്ടും കാരാട്ടിന്റെ പെട്ടിയില്‍ വീണു.
കോണ്‍ഗ്രസുമായി കൂട്ടില്ലെങ്കിലും, യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കായി സി.പി.എം. വലയെറിയുന്നുണ്ട്‌. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയാണു ലക്ഷ്യം. തെരഞ്ഞെടുപ്പില്‍ വലിയൊരു വെല്ലുവിളിയാകാന്‍ ബി.ജെ.പി. കരുത്തുനേടാത്തിടത്തോളം, ഇവിടെ സി.പി.എമ്മിനു മുഖ്യശത്രു കോണ്‍ഗ്രസ്‌ തന്നെ. സഹകരണം വേണ്ടേവേണ്ട.