മാറിപ്പോയ കുഞ്ഞിനെ തിരിച്ചുകിട്ടി; പെണ്ണെന്നറിഞ്ഞപ്പോള്‍ അമ്മയ്ക്ക് വേണ്ട

ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു നവജാത ശിശുക്കള്‍ മാറിപ്പോയി; രക്തപരിശോധനയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും രണ്ടുകൂട്ടര്‍ക്കും ആണ്‍കുഞ്ഞിനെ മതിയെന്നായതോടെ വഴക്കായി. പെണ്‍കുഞ്ഞിനെ പാലൂട്ടാനോ പരിപാലിക്കാനോ ആരും തയാറായില്ല. ആറുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിതാക്കളുടെ മനസ്സലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

യാദ്ഗിര്‍ ജില്ലയില്‍ നിന്നുള്ള നന്ദമ്മയും നസ്മ ബീഗവും കലബുറഗി ജില്ലാ ആശുപത്രിയില്‍ ഒരേ സമയമാണു പ്രസവിച്ചത്. അബദ്ധത്തില്‍ കുഞ്ഞുങ്ങളെ പരസ്പരം മാറി ബന്ധുക്കള്‍ക്കു കൈമാറുകയായിരുന്നു. ഉടന്‍തന്നെ അബദ്ധം മനസ്സിലായ ജീവനക്കാര്‍ ഇതു വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞു പിറന്നുവെന്നു വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെണ്‍കുഞ്ഞിനെ സ്വീകരിച്ചില്ല.

പ്രശ്‌നപരിഹാരത്തിനായി രക്തപരിശോധന നടത്തി പെണ്‍കുഞ്ഞു നന്ദമ്മയുടേതാണെന്നു കണ്ടെത്തിയെങ്കിലും അവര്‍ ഇതു നിഷേധിച്ചു. വിശദമായ ഡിഎന്‍എ പരിശോധന വേണമെന്നാണ് ആവശ്യം. ഡിഎന്‍എ പരിശോധനാഫലം കിട്ടുംവരെ കുഞ്ഞിനെ പരിപാലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നന്ദമ്മ വഴങ്ങിയില്ല.