സൈക്കിളിലെത്തി ഈ പുഞ്ചിരികള്‍

ആലപ്പുഴ∙ നിരുപമ ഭ‍ാവെയുടെ സപ്തതി ആഘോഷ‍ിക്കാനിറങ്ങിയതാണു സപ്തതി പിന്നിട്ട സുനിത നാഡ്ഗീർ (72) ഉൾപ്പെടെ പതിമൂന്നംഗ സംഘം. എഴുപതാം പിറന്നാൾ ആഘോഷിക്കാൻ പുണെയിൽനിന്ന് 1700 കിലോമീറ്ററോളം താണ്ടി കന്യാകുമാരിയിലേക്കുള്ള ഇവരുടെ യാത്ര സൈക്കിളിലാണ്.

ദിവസം ശരാശരി 120 കിലോമീറ്റർ സൈക്കിളിൽ പിന്നിട്ട് പന്ത്രണ്ടു ദിവസംകൊണ്ട് അവർ ആലപ്പുഴയിലെത്തി. നിരുപമയുടെ എഴുപതാം പിറന്നാൾ ദിനമായ മൂന്നിന് ഇവർ കന്യാകുമാരിയിലെത്തി കേക്കു മുറിക്കും. പുണെ സർവകലാശാലയിൽ ഗണിതശാസ്ത്ര പ്രഫസറായി വിരമിച്ച നിരുപമ ഭാവെ, അധ്യാപികയായിരുന്ന സുനിത നാഡ്ഗീർ, അഭിഭാഷകയായ ഷീല പെരേലികർ (65), മകൾ അനുധ (35), മരുമകൾ കവിത ജോഷി (41), സെൻട്രൽ എക്സൈസിൽ നിന്നു സൂപ്രണ്ടായി വിരമിച്ച അപർണ മഹാജൻ (65), ബാങ്ക് മാനേജരായിരുന്ന ജയന്ത് ദേവ്ധർ (65), സർക്കാർ ഉദ്യോഗസ്ഥരായ ജയശ്രീ പണ്ഡിറ്റ് (58), നയന അഗാർക്കർ (58), സംരംഭകനായ ചന്ദ്രശേഖർ (56), ഭാര്യ ശ്യാമള (55), ഏകാദശി കോൾഹാട്കർ (53) എന്നിവരുൾപ്പെടുന്ന സംഘമാണു സൈക്കിളിലേറി ഡിസംബർ 19നു പുണെയിൽനിന്നു പുറപ്പെട്ടത്.

വാഹനപ്പെരുപ്പവും അന്തരീക്ഷ മലിനീകരണവും കുറയ്ക്കുന്നതിനു സൈക്കിളിന്റെ ഉപയോഗം ശീലമാക്കുകയെന്ന സന്ദേശവുമായാണു സംഘം യാത്ര തുടങ്ങിയത്. തീരദേശ റോഡുകളിലൂടെയായിരുന്നു യാത്ര. യാത്രയിലുടനീളം സൈക്കിൾ യാത്രക്കാരോടു വലിയ വാഹനമോടിക്കുന്നവരുടെ മനോഭാവം മോശമായിരുന്നെന്ന് ഇവർ പറയുന്നു.

പുതുവർഷം കേരളത്തിൽ ആഘോഷിക്കാനായി സംഘം ഇന്നലെ ആലപ്പുഴ കോമള ഏത്തൻസ് ഹോട്ടലിൽ തങ്ങി.