ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, ഉപ്പും മുളകും തിരിച്ചെത്തുന്നു; പക്ഷേ ചെറിയൊരു മാറ്റം

ആരാധകരേറെയുള്ള ടെലിവിഷന്‍ പരമ്പരയായിരുന്നു ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറഞ്ഞ ഉപ്പും മുളകും കഴിഞ്ഞ വര്‍ഷമായിരുന്നു നിര്‍ത്തിവെച്ചത്. അണിയറ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു പരിപാടി പെട്ടെന്ന് നിര്‍ത്തലാക്കാന്‍ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഉപ്പും മുളകും പരമ്പരയുടെ ടീം പുതിയ പേരില്‍ മറ്റൊരു ചാനലില്‍ എത്തിയിരിക്കുകയാണ്. സീ ടിവിയില്‍ എരിവും പുളിയും എന്ന പരിപാടിയിലൂടെയാണ് ടീമിന്റെ മടങ്ങിവരവ്.
പരിപാടിയുടെ ഓണം ടീസര്‍ ചാനല്‍ പുറത്തുവിട്ടു. ഓണ ദിവസങ്ങളിലേക്കുള്ള പ്രത്യേക പരിപാടിയാണോ അതോ പുതിയ പരമ്പര തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത്, റിഷി കുമാര്‍, പാറുക്കുട്ടി, ശിവാനി മേനോന്‍, ജൂഹി രുസ്താഗി തുടങ്ങിയവരെയെല്ലാം പുതിയ ടീസറില്‍ കാണാം.