നെടുമ്പാശ്ശേരിയിലെ വിവാദ വരവേല്‍പ്പ്; രജിതിന്റെ അറിവോടെ, നേതൃത്വം നല്‍കിയത് ഷിയാസും പരീക്കുട്ടിയുമെന്ന് പൊലീസ്

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബിഗ്‌ബോസ് താരം രജിത് കുമാറിന് സ്വീകരണം നല്‍കിയ സംഭവം ആസൂത്രിതമാണെന്ന് പൊലീസ്. സ്വീകരിക്കാന്‍ ഇത്രയും പേര്‍ എത്തിയതിനെപ്പറ്റി അറിയില്ലെന്നായിരുന്നു രജിത് കുമാര്‍ നേരത്തെ പറഞ്ഞത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും കാര്യം രജിതിന് അറിയാമായിരുന്നുവെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

വിമാനത്താവളത്തിന് പുറത്ത് രജിതിനെ വരവേല്‍ക്കാന്‍ ആളുകളെ സംഘടിപ്പിച്ചത് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായ ഷിയാസ് കരീം, ബിഗ്‌ബോസില്‍ രജിതിന്റെ സഹമത്സരാര്‍ത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാന്‍ എന്നിവരായിരുന്നുവെന്നും പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എഫ്‌ഐആറില്‍ പൊലീസ് പറയുന്ന ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യല്ലില്‍ രജിത് കുമാര്‍ നിഷേധിച്ചു.

കേസില്‍ അറസ്റ്റിലായ രജിതിനെ ഇന്നലെ മൂന്ന് മണിക്കൂറോളം ലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കേസില്‍ ഒന്നാം പ്രതിയാണ് രജിത്. ഷിയാസ് കരീം രണ്ടാം പ്രതിയും പരീക്കുട്ടിയെ മൂന്നാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതിയായ രജിത് കുമാര്‍ വൈകിട്ടോടെയാണ് ആലുവ പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായത്. രജിതിനെ സ്വീകരിക്കാനെത്തിയ പതിമൂന്ന് പേര്‍ നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു.