‘മണിക്കുട്ടന്റെ കുടുംബം ഇത് നിയമപരമായി നേരിടാന്‍ ഉള്ള തയ്യാറെടുപ്പിലാണ്’; പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത സംഭവത്തില്‍ അരവിന്ദ് കൃഷ്ണന്‍

നടന്‍ മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമപരമായി നീങ്ങാന്‍ ഒരുങ്ങി കുടുംബം. ചില സോഷ്യല്‍ മീഡിയ പേജുകളിലാണ് മണിക്കുട്ടന്റെ പ്രായം എഡിറ്റ് ചെയ്തുള്ള പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയമാണ് സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം.

ഈ വിഷയത്തെ തുടര്‍ന്നാണ് മണിക്കുട്ടന് സൂര്യയേക്കാള്‍ പ്രായം ഉണ്ടെന്ന് തോന്നിക്കാനായി, നടന് 39 വയസ് പ്രായമുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്ത പാസ്‌പോര്‍ട്ടിന്റെ ചിത്രം പ്രചരിച്ചത്. ഇതിനെതിരെയാണ് മണിക്കുട്ടന്റെ സുഹൃത്തും നടി ശരണ്യയുടെ ഭര്‍ത്താവും കൂടിയായ അരവിന്ദ് കൃഷ്ണന്‍ രംഗത്തെത്തിയത്.

ഓഫീഷ്യല്‍ ഐഡി കാര്‍ഡ് ആയ പാസ്‌പോര്‍ട്ട് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മണിക്കുട്ടന്റെ കുടുംബം നിയമപരമായി നീങ്ങുമെന്ന് അരവിന്ദ് കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

അരവിന്ദ് കൃഷണന്റെ കുറിപ്പ്:

പ്രിയപ്പെട്ട ബിഗ് ബോസ് ആര്‍മി, നേവി, എയര്‍ഫോഴ്സ് കാരെ,

രാവിലെ മുതല്‍ കിടന്നു കറങ്ങുന്ന ഒരു ഫോര്‍വേഡ് ആണ് മണിക്കുട്ടന്റെ പാസ്‌പോര്‍ട്ട് എന്നും പറഞ്ഞു. ഫോട്ടോഷോപ്പ് ഒക്കെ ചെയ്യുമ്പോ വൃത്തിക്കു ചെയ്യണം കേട്ടോ.. ഒറിജിനല്‍ ഡേറ്റ് ഓഫ് ബര്‍ത്ത് ഉള്ളത് കൂടെ ചേര്‍ക്കുന്നു.

പിന്നെ പാസ്‌പോര്‍ട്ട് എന്നത് ഒരു ഓഫീഷ്യല്‍ ഐഡി കാര്‍ഡ് ആണ്.. അത് എഡിറ്റ് ചെയ്യുന്നത് നിയമപരമായി തെറ്റാണു എന്നാണ് എന്റെ അറിവ്.. അത് കൊണ്ട് തന്നെ മണിയുടെ കുടുംബം ഇത് നിയമപരമായി നേരിടാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് എന്ന ആ സന്തോഷ വാര്‍ത്ത സ്വീകരിച്ചാലും.. നന്ദി. നമസ്‌കാരം.