'വിഷമത്തോടെയാണ് ആ തീരുമാനം എടുത്തത്, ഇപ്പോള്‍ സംസാരിക്കുന്നത് പുതിയൊരു സെറ്റില്‍ നിന്ന്'; സീരിയലില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് അമൃത

കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി നടി അമൃത നായര്‍. സീരിയലില്‍ ഇനി ശീതളായി താന്‍ ഉണ്ടാവില്ലെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി അമൃത നായര്‍ ആരാധകരെ അറിയിച്ചത്. ഇതോടെ താരത്തിന്റെ കല്യാണമാണ്, സീരിയലില്‍ നിന്നും പുറത്താക്കിയതാണ് എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

”തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സീരിയലില്‍ നിന്നും പിന്മാറിയത്. ഞാന്‍ അഭിനയം നിര്‍ത്തി, എന്റെ കല്യാണമാണ്, എന്നെ ഒഴിവാക്കിയതാണ് എന്നിങ്ങനെ പല തരത്തിലുളള വാര്‍ത്തകളും പരക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. കുടുംബവിളക്കില്‍ നിന്നും ഞാന്‍ സ്വയം പിന്മാറിയതാണ്.”

”അത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. ജീവിതത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമല്ലോ, അങ്ങനെ എടുത്തതാണ്. വിഷമത്തോടെയാണ് ആ തീരുമാനം എടുത്തത്” എന്ന് അമൃത ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കി. അഭിനയം നിര്‍ത്തിയിട്ടില്ലെന്നും പുതിയ പ്രോജക്ടുകളുണ്ടെന്നും അമൃത പറഞ്ഞു.

അതിനെ കുറിച്ച് പതിയെ അറിയിക്കാം. പുതിയൊരു പ്രോജക്ടിന്റെ സെറ്റില്‍ നിന്നാണ് താന്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്നും അമൃത പറഞ്ഞു. താന്‍ കുടുംബ വിളക്കില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് ചിലര്‍ പറയുന്നു. അത് ശരിയല്ല, കുടുംബവിളക്കിലേക്ക് താന്‍ ഇനിയില്ലെന്നും അമൃത വ്യക്തമാക്കി. സീരിയലില്‍ ശീതള്‍ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചത്.