‘ആ വിവാഹത്തിന് ശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി’; രോവിന്‍ കാരണമാണോ ഉപ്പും മുളകും ഉപേക്ഷിച്ചത്?; ജൂഹി പറയുന്നു

Advertisement

ഉപ്പും മുളകിലൂടെ ലച്ചു എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. എന്നാല്‍ പരിപാടിയിലെ വിവാഹത്തിന് ശേഷം താരത്തെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടില്ല. ഇതിനെ തുടര്‍ന്ന് ലച്ചു ഇനി ഉപ്പും മുളകിലേക്ക് ഇല്ലേ എന്നതായി പ്രേക്ഷകരുടെ ചോദ്യം. ഇനിയില്ലെന്ന് തുറന്നു പറഞ്ഞ് ജൂഹി രംഗത്ത് വന്നപ്പോള്‍ അതിന് കാരണം തിരയിലായി പ്രേക്ഷകര്‍. ഇപ്പോഴിതാ പരിപാടി ഉപേക്ഷിച്ചതില്‍ കൂടുതല്‍ വിശദ്ധീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജൂഹി.

‘ഉപ്പും മുളകും വിട്ടു. ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്പോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്.’ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ജൂഹി പറഞ്ഞു.

താന്‍ കാരണമാണ് ഇവള്‍ ഉപ്പും മുളകും നിര്‍ത്തിയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് കുറേ മെസേജുകള്‍ തനിക്ക് വന്നെന്ന് ജൂഹിയുടെ ഭാവി വരന്‍ രോവിന്‍ പറഞ്ഞു. ‘ഞങ്ങള്‍ പുറത്തു പോകുമ്പോള്‍ അമ്മമാരൊക്കെ വന്ന് ജൂഹിയോട് ചോദിക്കും. നീ അവനെ കെട്ടീട്ട് ഇവന്റെ കൂടെ നടക്കുകയാണോ എന്നൊക്കെ…’ രോവിന്‍ പറഞ്ഞു.