മൂന്നാം സീസണിലും വിജയി ഇല്ല; ബിഗ് ബോസ് മത്സാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക്

ബിഗ് ബോസ് മലയാളം സീസണ്‍ 3-യിലും വിജയി പ്രഖ്യാപനമില്ല. തുടര്‍ച്ചയായ രണ്ടാമത്തെ സീസണിലും അവസാന വിജയി ഇല്ലാതെ ബിഗ് ബോസ് ഷോ അവസാനിച്ചു. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങുന്നു.

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഷൂട്ടിംഗിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസിന്റെ ലൊക്കേഷന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ വച്ചത്.

തിരുവല്ലൂര്‍ റെവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പാര്‍കവിയുടെ നേതൃത്വത്തിലുള്ള സംഘം മേയ് 19ന് രാത്രിയാണ് ചെമ്പരാമ്പക്കത്തിലെ ഇവിപി ഫിലിം സിറ്റിയിലെത്തി സെറ്റ് സീല്‍ ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

ഫെബ്രുവരി 14ന് ആയിരുന്നു 14 മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചത്. ഷോ നിര്‍ത്തിയ അവസാന ആഴ്ചയില്‍ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാന്‍, കിടിലം ഫിറോസ് എന്നീ എട്ടു മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നത്.