നാലാം സീസണില്‍ മോഹന്‍ലാല്‍ ഇല്ല; ബിഗ് ബോസ് അവതാരകനായി സുരേഷ് ഗോപി, വീഡിയോ

ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. മൂന്നാം സീസണ്‍ കഴിഞ്ഞതു മുതല്‍ നാലാം സീസണെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അടുത്തിടെ ബിഗ് ബോസ് നാലാം സീസണിന്റെ പ്രഖ്യാപനവും വന്നിരുന്നു.

ഇത്തവണ മോഹന്‍ലാല്‍ അല്ല സുരേഷ് ഗോപി ആയിരിക്കും ബിഗ് ബോസിന്റെ അവതാരകന്‍ എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. നാലാം സീസണിന്റെ ലോഗോ പങ്കുവച്ചപ്പോള്‍ കേട്ട തീം സോംഗ് ആണ് ചര്‍ച്ചകള്‍ളില്‍ നിറഞ്ഞിരിക്കുന്നത്.

‘അസതോ മാ സദ് ഗമയ’ എന്ന വരികളാണ് ലോഗോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. ഇത്തവണ സുരേഷ് ഗോപി ആണ് അവതരാകനാകുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ് എന്ന സിനിമയിലെ ഗാനമാണിത്.

എന്നാല്‍ ബിഗ് ബോസിലെ അവതാരകന്‍ സുരേഷ് ഗോപിയാകും എന്ന റിപ്പോര്‍ട്ടുകളില്‍ കഴമ്പില്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നാലാം സീസണിലും മോഹന്‍ലാല്‍ തന്നെ അവതാരകനാകുമെന്നാണ് ഷോയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മോഹന്‍ലാല്‍ മാറി സുരേഷ് ഗോപി അവതാരകനാകും എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആ തീരുമാനം നല്ലതാണെന്ന് അഭിപ്രായപ്പെട്ടും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സുരേഷ് ഗോപി ആണെങ്കില്‍ കുറെ പേര് ഒന്ന് വിയര്‍ക്കും’ തുടങ്ങി രസകരമായ അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും വരുന്നത്.