ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ കേരളത്തിലേക്ക്; സീസണ്‍ 3 വിജയിയെ പ്രേക്ഷകര്‍ക്ക് പ്രഖ്യാപിക്കാമെന്ന് ചാനല്‍

കോവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ച ബിഗ് ബോസ് സീസണ്‍ 3 ഷോയുടെ വിജയിയെ പ്രഖ്യാപിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക്. തുടര്‍ ചിത്രീകരണം സാധ്യമാകാത്തതിനാലാണ് വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.

പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുക. മെയ് 24 തിങ്കളാഴ്ച രാത്രി 11മണി മുതല്‍ 29 ശനിയാഴ്ച 11 മണി വരെ ഹോട്ട്‌സ്റ്റാറില്‍ പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നവരാകും ബിഗ് ബോസ് സീസണ്‍ 3ല്‍ വിജയി ആവുക.

മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, ഋതു മന്ത്ര, സായി വിഷ്ണു, നോബി, റംസാന്‍, കിടിലം ഫിറോസ് എന്നീ എട്ടു പേരാണ് മത്സര രംഗത്തുള്ളത്. ഷോ തുടരാന്‍ സാധിക്കാത്തതിനാല്‍ മത്സരാര്‍ത്ഥികള്‍ ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തും.

മേയ് 19ന് രാത്രിയാണ് ലോക്ഡൗണ്‍ പശ്ചാത്തലത്തിലും ഷൂട്ടിംഗ് തുടര്‍ന്ന ബിഗ് ബോസ് ലൊക്കേഷന്‍ തമിഴ്‌നാട് പൊലീസും റെവന്യു വകുപ്പും ചേര്‍ന്ന് സീല്‍ വച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.