രണ്ട് മതം ആണെങ്കിലും പൂര്‍ണമനസ്സോടെയാണ് വിവാഹം, ടോഷേട്ടനുമായി പ്രണയത്തില്‍ ആയിരുന്നില്ല: ചന്ദ്ര ലക്ഷ്മണ്‍

നടി ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിന്‍സ്റ്റിയും വിവാഹിതാരാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചന്ദ്ര തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ചന്ദ്ര അഭിനയിക്കുന്ന സ്വന്തം സുജാത എന്ന സീരിയലിലെ കാമുകനാണ് താരത്തിന്റെ ജീവിതത്തിലെ നായകന്‍ ആകാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചന്ദ്ര.

ഒരേ മേഖലയിലാണ് ജോലിയെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. തങ്ങള്‍ രണ്ടു കാസ്റ്റ് ആയതിനാല്‍ തന്നെ പൂര്‍ണ്ണമനസ്സോടെ, സ്‌നേഹത്തിന്റെ ഊഷ്മളത ഉള്‍കൊണ്ടു തന്നെയാണ് ഈ വിവാഹം നടക്കാന്‍ പോകുന്നത്. മൂന്നുമാസം മുമ്പേയാണ് തങ്ങള്‍ ആദ്യമായി കാണുന്നത് തന്നെ. അതും സ്വന്തം സുജാതയുടെ ലൊക്കേഷനില്‍ വച്ച്. ആദ്യം നല്ല സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ ഒക്കെയായി.

ടോഷേട്ടന്‍ എല്ലാവരുമായും നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള ആളു കൂടിയാണ്. ആരോട് ടോഷേട്ടനെ കുറിച്ച് ചോദിച്ചാലും നല്ലത് മാത്രമേ പറയാനുണ്ടാകൂ. എപ്പോഴും പോസിറ്റീവ് ആറ്റിറ്റിയൂഡുള്ള, കൂടെയുള്ള ആളുകളെ ഇപ്പോഴും സന്തോഷത്തില്‍ വയ്ക്കുന്ന ആളായതു കൊണ്ട് താന്‍ അദ്ദേഹവുമായി വളെര കംഫര്‍ട്ട് ആയിരുന്നു.

തന്റെ രക്ഷിതാക്കള്‍ക്കും ടോഷേട്ടനെ അടുത്തറിയാം. അതുകൊണ്ടുതന്നെ അവര്‍ ഒരുപാട് സന്തോഷത്തിലാണ്. ടോഷേട്ടന്റെ വീട്ടുകാര്‍ക്കും തന്നെ ഇഷ്ടമായി. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ വിവാഹം ഫിക്‌സ് ചെയ്യും. ആര്‍ഭാടങ്ങള്‍ കഴിവതും ഒഴിവാക്കും. വിവാഹതീയ്യതി നിശ്ചയിച്ചാല്‍ അറിയിക്കുമെന്നും ചന്ദ്ര ലക്ഷ്മണ്‍ സമയം മലയാളത്തോട് പ്രതികരിച്ചു.