തല്ലിക്കൊന്നാലും ഞാന്‍ ആരോടും പറയൂലാ, ബിഗ് ബോസില്‍ വരിക എന്നത് എന്റെയും ആഗ്രഹമാണ്..: അശ്വതി

ഇത്തവണയും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് സീരിയല്‍ താരം അശ്വതി. എന്റെ അല്‍ഫോന്‍സാമ്മ, കുങ്കുമപ്പൂവ് അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അശ്വതി. കുടുംബസമേതം വിദേശത്ത് താമസിക്കുന്ന നടി ബിഗ് ബോസിനെ കുറിച്ചുള്ള നിരൂപണങ്ങള്‍ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്.

ഇതോടെ ഈ സീസണില്‍ അശ്വതിയും ഉണ്ടാകുമെന്ന പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ബിഗ് ബോസ് നാലാമത്തെ സീസണിന്റെ പ്രഖ്യാപനം വന്നതോടെ അശ്വതിയും ബിഗ് ബോസില്‍ മത്സാര്‍ത്ഥി എത്തുമെന്ന പ്രവചനങ്ങളും നടക്കുന്നുണ്ട്. പ്രഡിക്ഷന്‍ ലിസ്റ്റില്‍ തന്റെ പേരും എത്തിയതോടെ പ്രതികരിച്ചിരിക്കുകയാണ് താരം.

”ബിഗ് ബോസില്‍ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്. പ്രഡിക്ഷന്‍ ലിസ്റ്റും, ഇതുപോലെ വാര്‍ത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവര്‍ മെസേജ് അയച്ചു ചോദിക്കുന്നുണ്ട് ഇപ്രാവശ്യം ബിഗ് ബോസില്‍ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്ന്.”

”ഞാന്‍ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവര്‍ വരെ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ എനിക്ക് സാധിക്കില്ല. ഇനി അഥവാ പോകുന്നുണ്ടേല്‍ തല്ലിക്കൊന്നാലും ഞാന്‍ ആരോടും പറയൂലാ” എന്നാണ് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ എത്തിയ കമന്റുകള്‍ക്ക് അശ്വതി മറുപടിയും നല്‍കുന്നുണ്ട്. ”ശേയ് ഞങ്ങള്‍ ഫാന്‍ പേജ് വരെ ഉണ്ടാക്കിയിരുന്നു” എന്നാണ് ഒരു കമന്റ്. ഡിലീറ്റ് ചെയ്‌തേക്കു എന്ന മറുപടിയും അശ്വതി നല്‍കുന്നുണ്ട്. അതേസമയം, ഇത്തവണ മോഹന്‍ലാല്‍ ആയിരിക്കില്ല ബിഗ് ബോസ് അവതാരകന്‍ എന്ന പ്രചാരണവും നടക്കുന്നുണ്ട്.

ബിഗ് ബോസ് ലോഗോ പങ്കുവച്ച വീഡിയോയില്‍ ‘അസതോ മാ സദ് ഗമയ’ എന്ന വരികളാണ് ലോഗോയ്ക്ക് പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. ഇത്തവണ സുരേഷ് ഗോപി ആണ് അവതരാകനാകുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ് എന്ന സിനിമയിലെ ഗാനമാണിത്.