തമിഴകത്ത് അവസാനിക്കാതെ 'ലിയോ' തരംഗം; റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്!

തമിഴ്‌നാട്ടില്‍ ‘ലിയോ’ തരംഗം തുടരുകയാണ്. തമിഴകത്ത് 700ന് അടുത്ത് സ്‌ക്രീനുകളില്‍ ലിയോ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ദീപാവലി വരെ മറ്റൊരു പടവും തിയേറ്ററുകളില്‍ എത്താനില്ല എന്നിരിക്കെ ചിത്രം ഗംഭീരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ കളക്ഷന്‍ 600 കോടിയിലേക്ക് കുതിക്കുകയാണ് ഇപ്പോള്‍.

ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒ.ടി.ടി റൈറ്റ്‌സ് ഇനത്തിലും വിജയ് ചിത്രത്തിന് വന്‍ തുക ലഭിച്ചു എന്നാണ് ലിയോ നിര്‍മാതാവ് ലളിത് കുമാര്‍ വെളിപ്പെടുത്തിയിരുന്നത്. ഒ.ടി.ടി റൈറ്റ്‌സില്‍ ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഉയര്‍ന്ന തുകയാണ് ലിയോയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് നല്‍കിയത്.

എന്നാല്‍ ചിത്രം എപ്പോഴായിരിക്കും ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുക എന്നത് നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടില്ല. ചിത്രം റിലീസ് ചെയ്ത് 28 ദിവസത്തിന് ശേഷം മാത്രം ഒ.ടി.ടി റിലീസ് എന്നതാണ് നിബന്ധന. അതിനാല്‍ നവംബര്‍ 16ന് അല്ലെങ്കില്‍ അതിന് ശേഷമാകും നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം എത്തുക.

അതേസമയം, ചിത്രത്തിന്റെ എക്‌സറ്റന്റഡ് വേര്‍ഷനായിരിക്കുമോ എത്തുക എന്ന കൗതുകവുമുണ്ട്. വന്‍ ഹൈപ്പോടെ എത്തിയ ജവാന്‍ സിനിമയുടെ എക്സ്റ്റന്റഡ് പതിപ്പാണ് നെറ്റ്ഫ്‌ലിക്‌സ് ഇറക്കിയത്. അതുകൊണ്ട് ലിയോയും അത്തരത്തില്‍ എത്തുമെന്നാണ് സൂചനകള്‍.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ എല്‍സിയു എലമെന്റുകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. തൃഷ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. അര്‍ജുന്‍, പ്രിയ ആനന്ദ്, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, വാസന്തി, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങി നിരവധി തരാങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.