ഉര്‍വശിയുടെ ഹിറ്റ് സിനിമയ്ക്ക് 37 വര്‍ഷത്തിനിപ്പുറം റീമേക്ക് ഒരുങ്ങുന്നു; നായികയായി ഐശ്വര്യ രാജേഷ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരം ഉര്‍വശിയുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് തമിഴ് സിനിമയായ ‘മുന്താനെ മുടിച്ച്’ ചിത്രത്തിലെ പരിമള. മുപ്പത്തിയേഴ് വര്‍ഷത്തിനിപ്പുറം മുന്താനെ മുടിച്ചിന്റെ റീമേക്ക് ഒരുങ്ങുകയാണ്. പരിമള ആകാന്‍ ഒരുങ്ങുന്നതിന്റെ ആവേശം പങ്കുവെച്ച് നടി ഐശ്വര്യ രാജേഷ് ആണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.

ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താനെ മുടിച്ചില്‍ താരം തന്നെയാണ് നായകനായും വേഷമിട്ടത്. റീമേക്കിന്റെ രചന നിര്‍വ്വഹിക്കുന്നതും നടന്‍ ഭാഗ്യരാജ് തന്നെയാണ്. തമിഴ് സിനിമയുടെ ലാന്‍ഡ്മാര്‍ക്ക് ചിത്രങ്ങളിലൊന്നിന്റെ റീമേക്കില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ട്. 2021 ല്‍ ചിത്രമെത്തും എന്നാണ് ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

നടന്‍ ശശികുമാറാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജെഎസ്ബി ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക. റീമേക്കില്‍ ചിത്രത്തിന്റെ കഥാഗതിയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമല്ല.

ധ്രുവ നച്ചിത്തരം, ഇതു വേതാളം സൊല്ലും കഥൈ, ഇടം പോറുല്‍ യേവള്‍, കാ പേ രണസിങ്കം, ഭൂമിക, ടക് ജഗ്ദീഷ്, തിട്ടം ഇരുണ്ടു എന്നിവയാണ് ഐശ്വര്യയുടെതായി അണിയറിയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. നാടോടികള്‍ 2, കൊമ്പു വച്ച കഥൈ, നാ നാ, എംജിആര്‍ മകന്‍ തുടങ്ങിയ സിനിമകളാണ് ശശികുമാറിന്റെതായി ഒരുങ്ങുന്നത്.