അന്തരിച്ച സംഗീതജ്ഞന്‍ കെ.ജി ജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംഗീതലോകം. ചൊവ്വാഴ്ച പുലര്‍ച്ചെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവര്‍ന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. കെ.എസ് ചിത്ര, ശരത്, കൈതപ്രം എന്നിവര്‍ ആദാരാഞ്ജലികള്‍ നേര്‍ന്ന് രംഗത്തെത്തി.
”വളരെ സങ്കടകരമായ വാര്‍ത്തയാണ്. ശബരിമലയില്‍ വച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എനിക്ക് വളരെ പ്രിയപ്പെട്ട സംഗീതജ്ഞനാണ്, സുഹൃത്താണ്. ഭക്തിഗാന മേഖലയില്‍ അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ആദരാഞ്ജലികള്‍” എന്നാണ് ശരത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
”മലയാള സംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരില്‍ ജയന്‍ മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്… എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടന്‍ മനോജ് കെ ജയന്റെ പിതാവ് കൂടിയായ ജയന്‍ മാഷിന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം” എന്നാണ് കെ.എസ് ചിത്രയുടെ വാക്കുകള്‍.
”ചെമ്പൈ ഗ്രാമത്തില്‍ 13 വയസില്‍ ഞാന്‍ കൂടെ മൃദംഗം വായിച്ച അനുഭവം മുതല്‍ രണ്ട് വര്‍ഷം മുമ്പേ വായിച്ച കച്ചേരി വരെ.. അത്രയുമേറെ എന്നെ ഇഷ്ടപ്പെട്ട കലാകാരന്‍.. എന്റെ മൃദംഗ ധ്വനിയെ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവ വേദിയില്‍ വച്ച് പോലും പുകഴ്ത്തിയ സംഗീതജ്ഞന്‍.. എത്രയെത്ര കച്ചേരികള്‍..”
”എന്റെ ഗാനരചന എന്നത് കൊണ്ട് മാത്രം അവശനായിരുന്നപ്പോഴും സുലളിതത്തില്‍ ഒരു ഗാനം ഈണമിട്ട് പാടി അനുഗ്രഹിച്ച സന്‍മനസ്.. ഇനിയുമുണ്ടേറെ. മരണമില്ലാത്ത സ്മരണകള്‍.. ചെമ്പൈ ശിഷ്യനും സംഗീതജ്ഞനും സംഗീത സംവിധായകനുമായ പത്മശ്രീ കെ.ജി ജയന് ആദരാഞ്ജലികള്‍” എന്നാണ് കൈതപ്രത്തിന്റെ വാക്കുകള്‍.