ഷോ റദ്ദാക്കി, അഡ്വാന്‍സ് തുക മടക്കി തന്നില്ല; എ.ആര്‍ റഹ്‌മാനെതിരെ ഡോക്ടര്‍മാരുടെ സംഘടന

എ.ആര്‍ റഹ്‌മാനെതിരെ പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന. എ.ആര്‍ റഹ്‌മാനും സെക്രട്ടറിക്കും എതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് പരാതി നല്‍കിയിരിക്കുന്നത്. 2018ല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സിന്റെ വാര്‍ഷിക പരിപാടിക്കായി എ.ആര്‍ റഹ്‌മാന്‍ ഷോ ബുക്ക് ചെയ്തിരുന്നു.

എന്നാല്‍ പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ പരിപാടി നടന്നിരുന്നില്ല. 29.5 ലക്ഷം അഡ്വാന്‍സ് തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ചെക്ക് മടങ്ങി. പിന്നീട് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു തരത്തിലുള്ള മറുപടിയും നല്‍കിയില്ല എന്നുമാണ് പരാതി.

തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അനുയോജ്യമായ സ്ഥലവും അനുമതിയും നേടിയെടുക്കാന്‍ അസോസിയേഷന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഷോ റദ്ദാക്കി പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. റീഫണ്ടിനായി ഒരു പോസ്റ്റ്-ഡേറ്റഡ് ചെക്ക് അസോസിയേഷന് നല്‍കിയിരുന്നു. എന്നാല്‍ ഈ ചെക്ക് മടങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്.