ഹേറ്റേഴ്‌സ് ഇല്ലാത്ത ഗായിക, എട്ടിലധികം ഭാഷകളിൽ 18,000 ത്തോളം ഗാനങ്ങൾ; ചിത്രഗീതത്തിന് 60 !

മലയാളികളുടെ മഴവിൽ കുടിലിൽ രാജഹംസമായി എത്തിയ പ്രിയ ഗായിക കെ. എസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. എത്ര കേട്ടാലും മതിയാകാത്ത ഒരു അതിമനോഹരമായ ഗാനം തന്നെയാണ് ചിത്ര എന്ന് പറയാം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളായ ചിത്രയുടെ സ്വരമാധുരി കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകാറില്ല എന്നതും മറ്റൊരു സത്യം മാത്രം.

മലയാളികളുടെ വാനമ്പാടിയായും തമിഴർക്ക് ചിന്നക്കുയിലായും ആന്ധ്രക്കാരുടെ സംഗീത സരസ്വതിയായും കന്നഡക്കാർക്ക് കോകിലയായും ഹിന്ദിക്കാരുടെ പ്രിയബസന്തിയായും ചിത്ര സംഗീതപ്രേമികളുടെ മനസ്സിൽ തേൻ മഴയായി പെയ്തിറങ്ങുകയായിരുന്നു. കെ. എസ് ചിത്ര എന്ന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം മനസ്സിൽ ആദ്യ തെളിയുന്നത് എപ്പോഴും മനോഹരമായി ചിരിച്ചു മാത്രം നിൽക്കുന്ന ചിത്രച്ചേച്ചിയെ ആണ്.

നാല് പതിറ്റാണ്ടിലേറെയായി പ്രണയത്തിനും വിരഹത്തിനും കാത്തിരിപ്പിനും ഭക്തിക്കും വാത്സല്യത്തിനും തുടങ്ങി എല്ലാ ഭാവങ്ങൾക്കും പുതിയ അനുഭൂതി നൽകിയ ആ സ്വരം ഇന്നും സംഗീതാസ്വാദകരുടെ മനസിൽ മഴയായി പെയ്യുകയാണ്. ചിത്ര പാടിയ ഒവ്വൊരു പൂക്കളുമേ എന്ന ​ഗാനം കേട്ടിട്ട് ആത്മഹത്യ ചെയ്യാനിരുന്ന യുവാവ് അതിൽ നിന്ന് പിന്തിരിഞ്ഞ കഥയും ചിത്രയെന്ന ഗായികയെ ദേവതയ്ക്ക് തുല്ല്യമാക്കുന്നു.

1963 ജൂലൈ 27-ന് തിരവനന്തപുരത്ത് സംഗീതജ്ഞനും അദ്ധ്യാപകനുമായ കരമന കൃഷ്ണൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ പുത്രിയായാണ് കെ.എസ്. ചിത്രയുടെ ജനനം. മെരിലാന്റ് സ്‌റ്റുഡിയോയിലെ പിന്നണി സംഗീത സംഘത്തിലെ ഒരു ഗായകൻ കൂടിയായിരുന്നു ചിത്രയുടെ പിതാവ്. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാർ വിദഗ്ദ്ധൻ കെ. എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങൾ.

ചിത്രയുടെ സംഗീതത്തിലുള്ള താത്പര്യം പിതാവ് തന്നെയാണ് കണ്ടെത്തിയത്. ആദ്യ ഗുരുവും അദ്ദേഹം തന്നെ. പിന്നീട് ഡോ. കെ. ഓമനക്കുട്ടിയുടെ കീഴിൽ ചിത്ര കർണാടക സംഗീതം അഭ്യസിച്ചു. 1978 മുതൽ 1984 വരെ കേന്ദ്ര ഗവൺമെന്റിന്റെ നാഷനൽ ടാലന്റ് സേർച്ച് സ്കോളർഷിപ്പ് ലഭിച്ചിരുന്നു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ചേച്ചി ബീനയുടെ പാട്ട്‌ റെക്കോഡിങ്ങിന്‌ ഒപ്പം പോയപ്പോൾ അവിചാരിതമായി പാടിയ ഹമ്മിങ്ങാണ്‌ ചിത്രയുടെ റെക്കോഡ്‌ ചെയ്‌ത ആദ്യ ശബ്ദം.

1979ൽ ഓമനകുട്ടിയുടെ സഹോദരൻ കൂടിയായ എം.ജി രാധാകൃഷ്ണൻ ആണ് ചിത്രയ്ക്ക് ആദ്യമായി പാടാൻ അവസരം നൽകിയത്. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ അട്ടഹാസമെന്ന ചിത്രത്തിൽ ‘ചെല്ലം ചെല്ലം’ എന്ന ഗാനം പാടിയായിരുന്നു തുടക്കം. എന്നാൽ ഒരു വർഷത്തിന് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. 1982ൽ ഞാൻ ഏകനാണ്‌ എന്ന ചിത്രത്തിൽ സത്യൻ അന്തിക്കാട്‌ എഴുതിയ പ്രണയം വസന്തം എന്ന പാട്ട് ചിത്രയുടെ പേര് വെള്ളിത്തിരയിൽ അടയാളപ്പെടുത്തി.

ഗാനഗന്ധർവൻ യേശുദാസിനൊപ്പം നടത്തിയ സംഗീത പരിപാടികൾ ചിത്രയുടെ ആദ്യ കാല സംഗീത ജീവിതത്തിലെ വളർച്ചയ്ക്ക് വളരെയധികം സഹായകമായി. വാനമ്പാടി എന്ന പേര് കൂടാതെ ‘ഫീമൈൽ യേശുദാസ്’ എന്നും ‘ഗന്ധർവഗായിക’ എന്നും ആരാധകർ ചിത്രയ്ക്ക് നൽകിയിട്ടുണ്ട്. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച ‘നീ താനേ അന്തക്കുയിൽ’ എന്ന ചിത്രത്തിൽ അവസരം ലഭിച്ചതോടെയാണ് ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് ചിത്ര കൂടുതൽ ശ്രദ്ധേയയായത്.

ചിത്രയെന്ന വ്യക്തിയുടെ മറ്റൊരു പ്രത്യേകത പാട്ടുകളിലെ ഉച്ചാരണശുദ്ധിയും മറ്റ് ഭാഷകളിലുള്ള പരിജ്ഞാനവുമാണ്. സംഗീതലോകത്തെ മറ്റ് പ്രതിഭകളായ മലയാളികളല്ലാത്ത എസ്. ജാനകി, പി.സുശീല, പി. മാധുരി, വാണി ജയറാം തുടങ്ങിവരെല്ലാം മലയാളത്തിൽ പാടുമ്പോഴും ചെറിയ പോരായ്മകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ശുദ്ധ മലയാളത്തിൽ ആളുകൾ പാട്ട് കേട്ട് തുടങ്ങിയത് കെ.എസ് ചിത്രയുടെ ശബ്ദത്തിലൂടെയായിരുന്നു. മാത്രവുമല്ല, ചിത്ര മറ്റ് ഭാഷകളിൽ പാടുമ്പോൾ ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു.

44 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി 18000 ത്തോളം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. വിവിധ ഭാഷകളിലായി മികച്ച ഗായികയ്‌ക്കുള്ള 37 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ചിത്ര നേടി. അതിൽ 16 തവണയും മലയാളത്തിലൂടെയായിരുന്നു.

ആറ്‌ ദേശീയ പുരസ്‌കാരവും 2021ൽ പത്മഭൂഷണും 2005ൽ പദ്മശ്രീയും നേടി. 6 തവണ ദേശീയ അവാർഡുകൾ നേടിയ ചിത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഗായിക എന്ന നിലയിലും അറിയപ്പെടുന്നുണ്ട്. മാത്രമല്ല, ബ്രിട്ടീഷ്‌ പാർലമെന്റിന്റെ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതയുമായി.

എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് ലഭിച്ച ഏകമകൾ നന്ദന, 2011 ഏപ്രിൽ 14-ന് ദുബായിലെ എമിറേറ്റ്സ്‌ ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണു മരിക്കുകയായിരുന്നു.

 കാലങ്ങൾ എത്ര കഴിഞ്ഞുപോയാലും സ്വരമാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും ഇതുവരെ സംഭവിച്ചിട്ടില്ല. മധുരമൂറുന്ന ശബ്ദം കൊണ്ടും എളിമ കൊണ്ടും എല്ലാവരുടെയും മനസ്സ് കീഴടക്കിയ, സ്വരഭേദങ്ങളിലൂടെ തലമുറകളെ ആഹ്ലാദിപ്പിച്ച, സൗമ്യതയുടെ പ്രതീകമായ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ!