ഞാന്‍ എല്ലാവരേക്കാളും മുകളില്‍; കോടതിയില്‍ ഇളയരാജ, പകര്‍പ്പവകാശ ഹര്‍ജി കേസ് നീട്ടി

താന്‍ എല്ലാവരേക്കാളും മുകളിലാണെന്ന് വാദിച്ച് സംഗീതജ്ഞന്‍ ഇളയരാജ. ഗാനങ്ങളുടെ പകര്‍പ്പവകാശത്തെ സംബന്ധിച്ച ഹര്‍ജിയിലാണ് ഇളയരാജയുടെ വാദം. ഇളയരാജയുടെ സംവിധാനത്തില്‍ ഒരുങ്ങിയ 4500ല്‍ അധികം ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന് മാത്രം പ്രത്യേക അവകാശം നല്‍കി 2019ലെ ഏകാംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയില്‍ വാദം നടന്നത്. അഴിച്ചുപണികള്‍ നടത്തിയതിലൂടെ പാട്ടുകള്‍ക്ക് മുറിവേറ്റിട്ടുണ്ടെന്ന് സംഗീതജ്ഞര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ജസ്റ്റിസ് സുമന്തിന്റെ സിംഗിള്‍ ബെഞ്ചിന്റേത് ആയിരുന്നു നിരീക്ഷണം. എന്നാല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് പണം വാങ്ങിയതോടെ ഇളയരാജയ്ക്ക് പാട്ടുകളുടെ മേലുള്ള അവകാശം നഷ്ടമായെന്നു ചൂണ്ടിക്കാണിച്ച് സ്വകാര്യ കമ്പനിയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഈ ഹര്‍ജിയിലെ വാദത്തിനിടെയാണ് ഇളയരാജയുടെ അഭിഭാഷകന്റെ പരാമര്‍ശം. കേസ് ഏപ്രില്‍ 16-ലേക്ക് നീട്ടി. അതേസമയം, തന്റെ അനുമതിയില്ലാതെ സ്വന്തം പാട്ടുകള്‍ ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്നുവെന്നും ഇതില്‍ നിന്ന് കമ്പനികളെ തടയണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു.

1957-ലെ പകര്‍പ്പവകാശ നിയമത്തിലെ 57-ാം വകുപ്പ് പ്രകാരം ഭാഗികമായോ പൂര്‍ണമായോ കൈമാറിയ പാട്ടുകള്‍ക്ക് മുകളില്‍ അവകാശം സ്ഥാപിക്കാന്‍ സംഗീത സംവിധായകര്‍ക്ക് സാധിക്കുമെന്നായിരുന്നു ജസ്റ്റിസ് സുമന്തിന്റെ സിംഗിള്‍ ബെഞ്ച് 2019ല്‍ നിരീക്ഷിച്ചത്.