ബംഗ്ലാദേശ് കവിയുടെ കവിത വികൃതമാക്കി; എആര്‍ റഹ്‌മാനെതിരെ പ്രതിഷേധം

‘പിപ്പ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ വിവാദത്തില്‍. ബംഗ്ലദേശ് ദേശീയവാദി കവി നസ്‌റൂള്‍ ഇസ്ലാമിന്റെ കവിത സംഗീതം നല്‍കി വികൃതമാക്കി എന്നാണ് കവിയുടെ കുടുംബം ആരോപിക്കുന്നത്. ആമസോണ്‍ പ്രൈമില്‍ നവംബര്‍ 10ന് ആണ് പിപ്പ റിലീസ് ചെയ്തത്.

മൃണാള്‍ ഠാക്കൂറും ഇഷാന്‍ ഖട്ടറും ഒന്നിച്ച പിപ്പയില്‍ ‘കരാര്‍ ഓയ് ലൗഹോ കോപത്’ എന്ന ബംഗ്ലാ കവി നസ്‌റൂള്‍ ഇസ്ലാമിന്റെ കവിതയാണ് എആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നസ്‌റൂള്‍ ഇസ്ലാമിന്റെ കവിതകള്‍ 1971ലെ ബംഗ്ലാദേശ് രൂപീകരണ യുദ്ധത്തില്‍ ഏറെ ഉപയോഗിക്കപ്പെട്ടിരുന്നു.

അതിനാലാണ് ബംഗ്ലാദേശ് വിമോചനത്തിന് വഴിവച്ച ഇന്ത്യന്‍ സൈനിക ഇടപെടല്‍ ചിത്രീകരിക്കുന്ന പിപ്പ എന്ന ചിത്രത്തില്‍ ഇദ്ദേഹത്തിന്റെ കവിത ഉപയോഗിച്ചത്. എന്നാല്‍ തീര്‍ത്തും വികൃതമായി കവിതയെ മാറ്റിയെന്നാണ് നസ്‌റൂള്‍ ഇസ്ലാമിന്റെ കുടുംബം ഇപ്പോള്‍ ഉന്നയിക്കുന്ന വിമര്‍ശനം.

കവിയുടെ ചെറുമകനായ ഖാസി അനിര്‍ബന്‍ കവിതയില്‍ വരുത്തിയ മാറ്റങ്ങളില്‍ ഞെട്ടിയെന്നാണ് പറഞ്ഞത്. ഈ ഗാനത്തെ അനീതിയെന്ന് വിശേഷിപ്പിച്ച ഇദ്ദേഹം, സിനിമയില്‍ ഗാനം ഉപയോഗിക്കുന്നതിന് തന്റെ അമ്മ അഥവ കവിയുടെ മകള്‍ സമ്മതം നല്‍കിയെങ്കിലും ട്യൂണുകളില്‍ മാറ്റം വരുത്താന്‍ അമ്മ സമ്മതിച്ചിരുന്നില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

”അമ്മ ജീവിച്ചിരുന്നപ്പോള്‍ കരാറുകളുടെ നിയമസാധുതകള്‍ നോക്കിയിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി അത് പരിശോധിക്കേണ്ടിയിരിക്കുന്നത്. കരാറില്‍ എന്താണ് ഉള്ളതെന്ന് പരിശോധിച്ച് എന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച് നിയമ നടപടി സ്വീകരിക്കും” എന്ന് ഖാസി അനിര്‍ബന്‍ പറഞ്ഞു.

”റഹ്‌മാന്‍ സാര്‍ ഈ ഗാനത്തെ ഇങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഇത് അനീതിയാണ്. ഈ ഗാനം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഗാനത്തിന്റെ വരികള്‍ അല്ലെങ്കില്‍ പശ്ചാത്തലം മനസിലാകാത്തതിനാലാണ് റഹ്‌മാന്‍ ഇങ്ങനെ ചെയ്‌തെന്ന് കരുതുന്നു” എന്നും ഖാസി അനിര്‍ബന്‍ വ്യക്തമാക്കി.