അമൃത സുരേഷ് ആത്മീയതയിലേക്കോ? ചര്‍ച്ചയായി പോസ്റ്റുകള്‍; ഒടുവില്‍ മറുപടിയുമായി ഗായിക

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആത്മീയ യാത്രയിലാണ് ഗായിക അമൃത സുരേഷ്. കാശിയിലൊക്കെ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ അമൃത പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ അമൃത തീര്‍ത്ഥാടനത്തില്‍ ആണോ ആത്മീയ യാത്രയില്‍ ആണോ എന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. ആ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത ഇപ്പോള്‍.

തന്റെ യാത്രകളുടെ ലക്ഷ്യത്തെ കുറിച്ചാണ് അമൃത പറയുന്നത്. ”ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീച്ചാര്‍ജ് ചെയ്യാനും അന്തര്‍യാത്രകയെ ചേര്‍ത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകള്‍ ഇതില്‍ വളരെ പ്രധാനമാണ്. ഇത് എനിക്ക് വളര്‍ച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു.”

”ഓര്‍ക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങള്‍ നിറഞ്ഞതാണ്. ഞാന്‍ അത് ആസ്വദിക്കുക്കുക ആണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍” എന്നാണ് അമൃത സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, ബാലയുമായുള്ള വേര്‍പിരിയലിന് ശേഷം, ഒരു വര്‍ഷം മുമ്പ് സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി അമൃതയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഗോപി സുന്ദര്‍ രംഗത്തെത്തിയിരുന്നു.