ഈ ഉടുമ്പ് വേഗത്തിലൊന്നും തിയേറ്റര്‍ വിടാന്‍ പോകുന്നില്ല !

പുതിയ ആളുകളായ അനീഷിന്റെയും ശ്രീജിത്തിന്റെയും തിരക്കഥ എന്തുകൊണ്ട് തിരക്കുള്ള സംവിധായകനായ കണ്ണന്‍ താമരക്കുളം തെരഞ്ഞെടുത്തു എന്നതിനും റിലീസിനുമുമ്പ് എങ്ങനെ മറ്റു ഭാഷകളിലേക്ക് റീമേക്ക് അവകാശം വില്‍ക്കാന്‍ സാധിച്ചു എന്നതിനുമുള്ള ഉത്തരം ഉടുമ്പ് കണ്ടാല്‍ത്തന്നെ ആര്‍ക്കും ബോധ്യപ്പെടും. ഒട്ടനവധി ക്വട്ടേഷന്‍ ചിത്രങ്ങള്‍ നമ്മുടെ ഭാഷ കണ്ടിട്ടുണ്ട്. എന്നാല്‍ ഉടുമ്പ് പോലൊരു പ്രമേയം വന്നിട്ടില്ല എന്നുതന്നെ പറയാം. കഥാഗതിയിലോ മെയ്ക്കിംഗിലോ ഒരു നിമിഷംപോലും വിരസത തോന്നിപ്പിക്കാത്ത തികഞ്ഞ ഒരു ത്രില്ലിംഗ് ചിത്രം. അനീഷ്-ശ്രീജിത്തുമാരുടെ സുഹൃദ്‌വലയത്തിനിടയിലുണ്ടായ ഒരു സംഭവകഥയാണ് കഥയ്ക്കാധാരം.

കുറ്റവാളികള്‍ പ്രധാനമായും രണ്ടുതരത്തിലുണ്ട്. രക്തത്തില്‍ കുറ്റവാസനയുള്ളവരും സാഹചര്യംകൊണ്ട് കുറ്റവാളികളായവരും. ശിമിട്ട് അനി (ശെന്തില്‍ കൃഷ്ണ) എന്ന ക്രിമിനല്‍ ഇതില്‍ ഏതു വിഭാഗത്തില്‍പ്പെടും എന്നത് പ്രമേയത്തെ ബാധിക്കുന്നില്ല. എന്നാല്‍ ചെയ്യുന്ന ജോലിയില്‍ തികഞ്ഞ അടക്കം പാലിക്കുന്നതിലുപരി ആയുധമെടുക്കുന്നതിനുമുമ്പ് ഒരു നിമിഷം ആലോചിക്കുന്നത് അയാളുടെ വിജയമാണ്. കാരണം ആ നിമിഷം അയാള്‍ നേടുന്നത് മറ്റൊരു ചോദ്യത്തിനുള്ള ഉത്തരമാണ്.

തന്നോടുള്ള ആരാധനമൂത്ത് കൂടെ ഇറങ്ങിപ്പോന്നവളോട് മാംസദാഹിയായ ഒരു പീഡകനെന്നതിലുപരി ഭര്‍ത്താവിന്റെ വേഷമണിയാന്‍ അയാള്‍ക്കു സമയമില്ല. എല്ലാം സഹിച്ച് തന്റെ വിധിയെ പഴിക്കുമ്പോഴും ഹിമ  ശക്തയായിക്കൊണ്ടിരിക്കുന്ന കാഴ്ച മറ്റൊരു കോണിലൂടെ കാണാം. തന്നെ ഒരിക്കല്‍ ഒളിച്ചിരുന്ന് പ്രണയിച്ചിരുന്ന സ്‌കൂള്‍മേറ്റിനെ വീണ്ടുമവള്‍  കണ്ടുമുട്ടുമ്പോള്‍ കഥ മാറുന്നത് മറ്റു തലങ്ങളിലേക്കാണ്. തന്റെ വ്യക്തിത്വം അംഗീകരിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടാകുമ്പോള്‍ ഒരു കഥാപാത്രം പറയുന്നതുപോലെതന്നെ ‘അംഗന്‍വാടിയില്‍ കൂടെ പഠിച്ചവരെയും തേടി’പ്പിടിച്ചേക്കാം. പക്ഷെ അവിടെയും കബളിപ്പിക്കപ്പെടുന്നത് വല്ലാത്ത തിരിച്ചടിയായിരിക്കും. എന്നാല്‍ ഹിമ ഒരിക്കലും പരാജയപ്പെടുന്നില്ല. പുതുമുഖനായികയായ ആഞ്ജലീനയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

ചോരയുടെയും ലഹരിയുടെയും ഇരുളിനുള്ളില്‍ ജീവിക്കുന്ന ഗുണ്ടാസംഘങ്ങള്‍ പണത്തിന്റെയും പ്രശസ്തിയുടെയും മദ്ധ്യത്തില്‍ ജീവിക്കുന്ന രാഷ്ട്രീയക്കാരുടെ ഉപകരണങ്ങള്‍ മാത്രമാണ് എന്നും. അത്തരമൊരു പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥ പിന്നീട് ഏതാനും വ്യക്തികളുടെ നിലനില്‍പ്പിലേക്കും അഭിമാനബോധത്തിലേക്കും പകയിലേക്കുമെല്ലാം കേന്ദ്രീകരിക്കപ്പെടുമ്പോള്‍ മലയാളസിനിമക്ക് ഇന്നുവരെ അന്യമായിരുന്ന രംഗങ്ങളിലേക്കും ട്വിസ്റ്റുകളിലേക്കും കഥയെ കൊണ്ടുപോകുന്നു. രാക്ഷസീയസ്വഭാവത്തിനുടമയായ ഒരു വ്യക്തി തന്റെ കൊലക്കത്തിക്കു കീഴെ കിടക്കുന്ന ഇരയോടു കാട്ടുന്ന നീതി അയാളുടെ വിശേഷതയുടെ ഭാഗമാണ്. കൊല്ലാനഗ്രഹിക്കുമ്പോഴും തനിക്ക് ഒരു ചെറിയ പാഠമെങ്കിലും തന്ന ഇരയോട് സ്വന്തം ജീവന്‍തന്നെ വാഗ്ദാനം ചെയ്യുന്നതിന് അയാള്‍ക്ക് അയാളുടേതായ കാരണങ്ങളുണ്ട്. തന്നെ ജീവനെപ്പോലെ സ്‌നേഹിച്ച നേതാവിന്റെ വധത്തിന് പകരം ചോദിക്കണം. ഭാര്യയുടെ കാമുകനെ വകവരുത്തണം. ‘എന്റ മുമ്പത്തെ സ്വഭാവമായിരുന്നേല്‍ ഇപ്പോ സാറിന്റെ അടക്ക് കഴിഞ്ഞേനെ’ എന്നു പറയുന്ന അനി ചില നിമിഷാര്‍ദ്ധങ്ങളിലെടുക്കുന്ന തീരുമാനങ്ങള് എത്ര കൃത്യമായിട്ടാണ് കഥയെ നയിക്കുന്നത് എന്നു ചിന്തിക്കുമ്പോള്‍ കുറ്റമറ്റ ഒരു തിരക്കഥ അനുഭവേദ്യമാകുന്നു. വികാരം വിചാരത്തിന് വഴിമാറുന്ന ഒരു നിമിഷം സമ്മാനിക്കുന്നത് ഒരു ജീവിതമായിരിക്കും. പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയാത്ത ക്ലൈമാക്‌സാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു പറയാം. അത് നേരില്‍ കണ്ടുതന്നെ അനുഭവിക്കേണ്ട ഒന്നാണ്.

മറ്റു വേഷങ്ങളില്‍ അലന്‍സിയര്‍, ഹരീഷ് പേരടി, സാജന്‍, യാമി, മന്‍രാജ്, മുഹമ്മദ് ഫൈസല്‍, എന്‍ എം ബാദുഷ, ശ്രേയ അയ്യര്‍ തുടങ്ങിയവരെത്തുന്നു. രവിചന്ദ്രന്റെ ഛായാഗ്രഹണപാടവവും സാനന്ദ് ജോര്‍ജ്ജ് ഗ്രേസിന്റെ സംഗീതവും തില്ലിംഗ് ഷോട്ടുകളുടെ ചലനവേഗമുയര്‍ത്തുന്നു. 24 മോഷന്‍ ഫിലിംസും കെടി മൂവീഹൗസും ചേര്‍ന്നു നിര്‍മ്മിച്ച ഉടുമ്പ് കോവിഡ് കാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും.