കുടുംബ ബന്ധങ്ങളുടെ ഇഴകീറുന്ന പത്മ

പ്രജീഷ് രാജ് ശേഖര്‍

മാറിയ കാലത്തെ വിവാഹബന്ധങ്ങള്‍ക്കിടയിലെ ഇണക്കത്തെയും പിണക്കത്തെയും രസകരമായി ചരടില്‍ കോര്‍ത്തെടുത്ത കുഞ്ഞു കുടുംബ ചിത്രം. സമകാലിക സിനിമകളില്‍ കണ്ടു വരുന്ന ബഹളങ്ങളില്ലാതെ മികച്ച ഒരുപിടി ഗാനങ്ങളോടെയാണ് പത്മ പ്രേക്ഷകന്റെ മനസിനെ പിടിച്ചുലയ്ക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ഇടപെടലുകള്‍ ബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകളും, പിടച്ചിലുകളും കരുതലോടെ പറയുന്നു അനൂപ് മേനോന്റെ പത്മ.

ആദ്യ പ്രണയത്തിലെ പരാജയത്തില്‍ ലഹരിയിലേക്ക് വഴിതെറ്റിപ്പോകുന്ന നായകനെ പ്രശസ്തനായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ രവിശങ്കറാക്കിയെടുക്കുന്ന തനി നാട്ടിന്‍പുറത്തുകാരിയായ ചീരോത്ത് വട്ടോളി പത്മ. തനി കോഴിക്കോടന്‍ ഗ്രാമ്യഭാഷയില്‍ നഗരകേന്ദ്രീകൃത സമൂഹത്തിലെത്തുന്ന വീട്ടമ്മയായി സുരഭിലക്ഷ്മി, കഥാപാത്രം കടന്നുപോവുന്ന മാനസികസംഘര്‍ഷങ്ങളെ കൃത്യമായി തന്നെ രേഖപ്പെടുത്തിയ കരിയറിലെ മികച്ച കഥാപാത്രമാണ് പത്മ. ഒരു പക്ഷെ മുഖ്യധാരാ നായികാ പദവിയിലേക്കുള്ള എന്‍ട്രിയും. അനൂപ് മേനോന്‍ നിര്‍മ്മാതാവ്, സംവിധായകന്‍, രചയിതാവ്, അഭിനേതാവ് എന്നീ നിലകളില്‍ വിജയശ്രീലാളിതനാണ്.

ഗ്രാമീണതയില്‍ നിന്നും നാഗരിക ജീവിതത്തിലേക്ക് കടക്കുന്ന ദാമ്പത്യത്തിനിടെ പങ്കാളിയുടെ തിരക്കും നായികാ കഥാപാത്രത്തിന്റെ ഒറ്റപ്പെടലിലും കുടുംബത്തിലെ താളംതെറ്റലുകള്‍ പ്രേക്ഷകനെ ചിന്തിപ്പിക്കുന്നതാണ്. ഗ്രാമത്തില്‍ നിന്നെത്തി മെട്രോ നഗരത്തിലെ ആഡംബരതയോട് കിടപിടിക്കുന്ന വീട് വെച്ച്, ഭാര്യയെ പൊങ്ങച്ചക്കാരിയാക്കാനുള്ള ഭര്‍ത്താവിന്റെ ശ്രമവും, നാട്ടു ഭാഷയില്‍ നിന്നും മാറാനുള്ള ട്യൂഷനും, മകന്റെ ബോര്‍ഡിംഗും ഒക്കെയായി നായകന്‍ രവിശങ്കര്‍ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്.

ആഡംബര പ്രീയരും, നാഗരിക സ്ത്രീകളുമായ അയല്‍ക്കാരോട് ഒട്ടും അടുക്കാന്‍ സാധിക്കാത്ത വിധം പത്മ അസ്വസ്തയാണ്. ഏക മകനെ ബോര്‍ഡിംഗ് സ്‌കൂളിലയക്കുന്നതോടെ കൂടുതല്‍ ഏകാന്തതയിലേക്ക് അവള്‍ നടന്നകലുന്നു. വിവാഹേതര ബന്ധങ്ങളിലെ പ്രശ്നങ്ങളെ ഒന്നിച്ചു നേരിടാമെന്ന് ആത്മവിശ്വാസം നല്‍കുന്ന ഡോ രവി ശങ്കറാകട്ടെ ഭാര്യയുടെ അകല്‍ച്ച അറിയാതെ പോകുകയും, തിരിച്ചറിഞ്ഞപ്പോള്‍ അടിപതറുയും ചെയ്യുന്നു. വൈവാഹികേതര ബന്ധങ്ങളും, ദാമ്പത്യത്തിലെ പങ്കാളിയുടെ ഒറ്റപ്പെടലുകള്‍, നിരാശകള്‍, ലൈംഗികത തുടങ്ങിയ വശങ്ങളെയെല്ലാം ചിത്രം പരാമര്‍ശിക്കുന്നു.

ഗ്രാമീണ ശൈലികളുടെയും വാക്സൗന്ദര്യത്തെയും അടയാളപ്പെടുത്തുന്നതിനൊപ്പം മഹാദേവന്‍ തമ്പിയുടെ ഫ്രെയിമുകള്‍ മനോഹരമായി കഥപറയുന്നു. മികച്ച കളര്‍ടോണാണ് എടുത്തു പറയേണ്ടത്. ഇന്റീരിയറിന് പ്രാധാന്യം നല്‍കുന്ന ഫ്രെയിമുകളും മികവുറ്റതാണ്. സിയാന്‍ ശ്രീകാന്തിന്റെ എഡിറ്റിങ്ങും ചിത്രത്തെ സുന്ദരമാക്കി. ആദ്യ പകുതിയിലെവിടെയോ അല്‍പ്പം ട്രാക്ക് മാറിയോടുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിലും ആകെ ചിത്രത്തില്‍ അത് രസക്കേടായി തോന്നില്ല.

ശങ്കര്‍ രാമകൃഷ്ണന്‍, മാല പാര്‍വതി, ശ്രുതി രജനീകാന്ത്, മെറീന മൈക്കിള്‍, ദിനേഷ് പ്രഭാകര്‍, അംബി നീനാസാം എന്നിവര്‍ക്കൊപ്പം ശബ്ദ സാന്നിധ്യമായി ജയസൂര്യയും ചിത്രത്തിന്റെ ഭാഗമാകുന്നു. അനൂപ് മേനോനും, ഡോക്ടര്‍ സുകേഷും എഴുതിയ വരികള്‍ നിനോയ് വര്‍ഗീസിന്റെ ഈണത്തില്‍ അടുത്തകാലത്ത് മലയാളത്തിലെ മികച്ച ഗാനങ്ങള്‍ക്കും പിറവി നല്‍കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ച പുതുമുഖ ഗായകന്‍ രാജ്കുമാര്‍ രാധാകൃഷ്ണന്‍ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിജയ് യേശുദാസും ഹരി ശങ്കറും സിതാര കൃഷ്ണകുമാറുമാണ് മറ്റു ഗായകര്‍.

ദാമ്പത്യത്തില്‍ സ്നേഹവും കരുതലും ഏത്രമേല്‍ പ്രധാനമെന്ന് ഓര്‍മ്മിക്കുന്ന പത്മ പക്ഷെ എല്ലാത്തരക്കാരെയും പിടിച്ചിരുത്തില്ല. വിവാഹ ജീവിതത്തിലെ അനുഭവസ്ഥര്‍ക്ക് ഒരു പക്ഷെ ചിത്രം കൂടുതല്‍ ഹൃദ്യമായേക്കാം. കാലമെത്ര മാറിയാലും ഭാര്യാഭര്‍തൃബന്ധത്തിന് അതിന്റേതായ പരിശുദ്ധിയുണ്ടെന്നും ആഴമേറിയ സ്ത്രീപുരുഷ ബന്ധത്തിനൊരു സുഖവും ഭംഗിയുമുണ്ടെന്നും പത്മ അടയാളപ്പെടുത്തുന്നു.