'പതിനെട്ടാം പടി' ഒരു കംപ്ലീറ്റ് യൂത്ത് മൂവി - റിവ്യു

സോക്രട്ടീസ് കെ. വാലത്ത്

യുദ്ധത്തില്‍ പതിനെട്ടിന് ഏറെ പ്രാധാന്യമുണ്ട്. പുരാണത്തിലും ഐതിഹ്യങ്ങളിലുമുണ്ട്. ജീവിതത്തിലും ഉണ്ട്. ഇവിടെ 18 എന്നത് ഒരു പടവ് ആണ്. അഥവാ കടമ്പയാണ്. കൗമാരത്തിനും യൗവ്വനത്തിനുമിടയിലെ ഇടനാഴി. പണ്ട് പത്മരാജന്‍ – മോഹന്‍ ടീം ഇതിനെ ഒരു “ഇടവേള “യായി കണ്ടു. പത്മരാജനും ഭരതനും അവിടെ രതിയുടെ നിര്‍വേദം കണ്ടു. എം. ടിയും സേതുമാധവനും കണ്ടത് “വേനല്‍ കിനാവുകള്‍” പൂക്കുന്നതാണ്. ഇന്ന് പുതുതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ പതിനെട്ട് എന്ന പ്രായഘട്ടത്തെ അതിന്റെ പിടിവിട്ട അവസ്ഥയുടെ എല്ലാ പരിണതികളോടെയും ഏറെ അടുത്തു നിന്നു അതിന്റെ തീക്ഷ്ണതയത്രയും ഉള്‍ക്കൊള്ളാന്‍ നമ്മെ പ്രേരിപ്പിക്കുകയാണ്.

ഒട്ടേറെ പുതുമുഖങ്ങള്‍. എന്നാല്‍ അഭിനയം കൊണ്ട് അവരിലാരും തന്നെ പുതുമുഖമെന്നു തോന്നിപ്പിക്കുന്നില്ല. മുന്‍വിധികളെ മാറ്റിമറിക്കുന്ന വിധത്തില്‍ വന്നു പോകുന്ന സംഭവഗതികള്‍. ഗതിവേഗമുള്ള ചടുലമായ വികാസപരിണാമങ്ങള്‍. വന്‍ താരനിര . – പതിനെട്ടിനെ അടുത്ത കാലത്തിറങ്ങിയ ഒരു വേറിട്ട ചിത്രമാക്കുന്ന ഘടകങ്ങളില്‍ ചിലതാണ് ഇവ.

സര്‍ക്കാര്‍ – സ്വകാര്യ സ്‌കൂളുകളിലെ എന്തിനും പോന്ന രണ്ടു ഗ്യാങ്ങുകള്‍. സര്‍ക്കാര്‍ സ്‌കൂളിലെ തലതെറിച്ച പയ്യന്‍മാരുടെ തലവന്‍ എന്തിനും മുന്നിട്ടിറങ്ങുന്ന അയ്യപ്പന്‍. എതിര്‍ ടീം തലവന്‍ ധീരനും ബോക്‌സിംഗ് ചാമ്പ്യനുമായ അശ്വിന്‍. ശരിക്കും അതൊരു വര്‍ഗസമരമാണ്. അതിനിടയിലേക്കു വരുന്ന ചില കഥാപാത്രങ്ങള്‍. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ആനി, അവളുടെ പ്രാണനായി മാറിയ ജോയ് സാര്‍, അയ്യപ്പനെയും സംഘത്തെയും കടുത്ത ജീവിത പരീക്ഷണങ്ങളിലൂടെ കടത്തിവിട്ട മമ്മൂട്ടിയുടെ ജോയ് എബ്രഹാം പാലക്കന്‍…

കഥാപാത്രങ്ങള്‍ പിന്നെയുമുണ്ട്. 65 പുതുമുഖങ്ങള്‍ തന്നെയുണ്ട്. ഒട്ടേറെ സംഭവങ്ങളുണ്ട്. കാമ്പസിലും നടുറോഡിലും എന്തിന് ഓടുന്ന ഡബിള്‍ ഡക്കര്‍ ബസ്സിലും വരെ നടക്കുന്ന ഉശിരന്‍ തല്ലുണ്ട്. പ്രണയരംഗങ്ങളുണ്ട്. മനോഹരമായ നൃത്തങ്ങളുണ്ട്. ഇതൊക്കെ നമ്മെ അനുഭവിപ്പിക്കുന്നതില്‍ ക്യാമറമാന്‍ സുദീപ് ഇളമണ്ണിനും എഡിറ്റര്‍ ഭുവന്‍ ശ്രീനിവാസനുമുള്ള പങ്ക് വളരെ വലുതാണ്. പിള്ളേര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും വൈരത്തിന്റെയും  ഫൈറ്റിന്റെയും ടെമ്പോ ഉയര്‍ന്നു നില്‍ക്കുന്നതില്‍ പ്രധാന ഘടകങ്ങള്‍ ക്യാമറയും എഡിറ്റിങ്ങും തന്നെ.

മമ്മൂട്ടി, പ്രഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മനോജ് കെ.ജയന്‍, അഹാന കൃഷ്ണ സര്‍വോപരി തമിഴ് സൂപ്പര്‍ ആര്യ തുടങ്ങിയ വമ്പന്‍ താരനിരയെ ഒട്ടും അപ്രധാനമല്ലാത്ത വിധം പശ്ചാത്തലത്തില്‍ നിറുത്തി പുതുമുഖ ക്കാരെ കൊണ്ട് സിനിമ മുന്നോട്ടു നീക്കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ അങ്ങേയറ്റം വിജയിച്ചിട്ടുണ്ട്. പിള്ളേരുടെ ചേരിപ്പോരായി ഒടുങ്ങാതെ പതിനെട്ടിന്റെ പ്രമേയം ഏതു കാലത്തും സാമൂഹിക പ്രാധാന്യവും പ്രസക്തിയും ഉള്ളതാക്കി മാറ്റാനും കഴിഞ്ഞിട്ടുണ്ട്. ഒരേ സമയം പതിനെട്ട് യൂത്ത്‌സിന്റെയും അപ്പര്‍ ഫോര്‍ട്ടീസിന്റെയും സിനിമയായി മാറിയത് ശങ്കര്‍ രാമകൃഷ്ണന്റെ ഉള്ളിലെ സാമൂഹിക പ്രതിബദ്ധത കൊണ്ടു കൂടിയാണ്.

ആ രണ്ടു തല്ലുസംഘത്തിന്റെയും തലവന്മാരായി വന്ന പുതുമുഖ നടന്‍മാര്‍ – അക്ഷയ് രാധാകൃഷ്ണനും അശ്വിന്‍ ഗോപിനാഥും മലയാള സിനിമയുടെ ഭാവിതാരങ്ങളായി മാറിയേക്കാം.

ഷാജി നടേശനും കെ.ജി.അനില്‍കുമാറും ചേര്‍ന്ന് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച പതിനെട്ടിന്റെ മറ്റൊരു മികവ് എ. എച്ച് കാശിപിന്റെ സന്ദര്‍ഭോചിതമായ, ഇമ്പമുള്ള ഗാനങ്ങളാണ്.

പിള്ളേരെ നേരേയാക്കാന്‍ മമ്മൂട്ടിയുടെ ജോയ് എബ്രഹാം പാലക്കനും ഭാര്യ പാര്‍വതി ടിയുടെ സൂസന്‍ ജോയ് എബ്രഹാമും കണ്ടെത്തുന്ന മാര്‍ഗ്ഗം ആണ് പതിനെട്ടിന്റെ ഹൈലൈറ്റ്‌സ്. അതില്ലായിരുന്നെങ്കില്‍ ഇത് വെറും തറപ്പടമായി പോയേനെ. അന്തിമമായി പടം അതിന്റെ പോസിറ്റീവായ ലക്ഷ്യത്തിലെത്തുന്നതില്‍ സന്തോഷം തോന്നുമെങ്കിലും അതിലേക്കെത്താനായി അതിര്‍ത്തിയിലെ വെടിവെപ്പുള്‍പ്പെടെയുള്ള കോലാഹലങ്ങളും ഇത്രയേറെ കഥാപാത്രങ്ങളും ഒക്കെ വേണ്ടിയിരുന്നോ എന്നു തോന്നിയേക്കാം. ഇങ്ങനെയും ഒരു സിനിമ വിഭാവനം ചെയ്യാമല്ലോ എന്നായിരിക്കാം അതിനുള്ള മറുപടി.