ഹൃദയം കീഴടക്കുന്ന ക്രിസ്റ്റഫർ; മൂവി റിവ്യൂ

പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിലെത്തി കുത്തിക്കൊന്നു, പ്രായപൂർത്തിയാകാത്ത കുട്ടി സ്വന്തം വീട്ടിൽ പീഡിപ്പിക്കപ്പെട്ടു, അനുദിനം നമ്മൾ കേൾക്കുന്ന ഇത്തരം വാർത്തകൾ പലപ്പോഴും നമ്മുടെ മനസിനെ ഒന്ന് ഉലക്കാറുണ്ട്. ആ വാർത്തകൾ കേട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം നമ്മൾ കേൾക്കും ; പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ , പ്രതിക്ക് 10 വർഷം കഠിന തടവ്.. പ്രതികളെ സംമ്പന്ധിച്ച് ഈ ശിക്ഷ തിന്ന് കൊഴുത്തു പുറത്തുവരാനുള്ള മാർഗമാണെങ്കിൽ, നീതി നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തിന്റെ കണ്ണുനീരൊപ്പാൻ, അവർക്ക് അതിവേഗം നീതി നടത്തി കൊടുക്കാനിറങ്ങുന്ന മാലാഖയാണ് “ക്രിസ്റ്റഫർ” – ഒരു നിയമവും അതിന്റെ മുകളിൽ പറയുന്ന ന്യായികരണങ്ങളും അയാൾക്ക് പ്രശ്നമല്ല, കാരണം താൻ ചെയ്യുന്നതിൽ ശരിയുണ്ടെന്ന് അയാൾക്ക് നല്ല ബോധ്യമുണ്ട് അതിന് അയാൾക്ക് ചില കാരണങ്ങളുമുണ്ട്.

നിയമത്തിന് പരിധിയുണ്ടാകും അത് നടപ്പിലാക്കാൻ കാലതാമസവും ഉണ്ടാകും. ഈ കാലയളവിൽ സമ്പത്തും പിടിപാടും വച്ച് കുറ്റവാളികൾ അനുഭവിക്കുന്ന, പ്രിവിലേജുകൾ അവർ സുഖിക്കുന്ന രീതി കാലാകാലങ്ങളിൽ നമ്മൾ കേട്ടിട്ടും, കണ്ടിട്ടുമുണ്ട്. ക്രിസ്റ്റഫറിന്റെ നിയമപുസ്തകത്തിൽ അത്തരത്തിൽ ഒരു പ്രിവിലേജുകൾക്കും സ്ഥാനമില്ല. കോടതിയും നിയമവും അയാൾ തന്നെയാണെന്ന് പറയാം.

ഫുഡ് ഡെലിവറി ചെയ്യുന്ന ഒരു പെൺകുട്ടിയെ കാണാതാവുകയും പിന്നീട് ബലാത്സംഗം ചെയ്യ​പ്പെട്ട നിലയിൽ മൃതശരീരം റോഡരികിൽ നിന്ന് ലഭിക്കുകയും ചെയ്യുന്നു. കേസ് ക്രിസ്റ്റഫറിനെ ഏൽപ്പിക്കുന്നത് മുതലാണ് കഥ ആരംഭിക്കുന്നത്. പെൺകുട്ടികളെ കണ്ടാൽ പകലെന്നോ, രാത്രിയെന്നോ അമ്മയെന്നോ, പെങ്ങളെന്നോ ഇല്ലാതെ കാമവെറി തീർക്കുന്ന എണ്ണം കൂടിവരുന്ന നാട്ടിൽ നടപ്പാക്കേണ്ടത് ക്രിസ്റ്റഫർ മോഡൽ നിയമം ആണോ അതോ നിയമവ്യവസ്തിതിയിൽ വിശ്വസിച്ചുള്ള നിയമം ആണോ എന്ന് ചിത്രം നമ്മളോട് ചോദിക്കുന്നു. നാട്ടിൽ ഇത് പോലെ കുറച്ച് ക്രിസ്റ്റഫറുമാർ വേണം എന്ന് നമുടെ മനസ് അറിയാതെ പറയുന്നിടത്താണ് ക്രിസ്റ്റഫറിന്റെ വിജയം

താൻ ഏത് കഥാപാത്രമാണോ ചെയ്യുന്നത് അതിൽ എല്ലാം ഒരു പുതുമ കൊണ്ടുവരാൻ മമ്മൂട്ടിക്ക് കഴിയുന്നു. അണിയറയിൽ താൻ നിറഞ്ഞാടിയ അനേകം പോലീസ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു പോലീസ് കഥാപാത്രമായി മമ്മൂട്ടി മാറി. താൻ സ്ക്രീനിൽ വരുമ്പോൾ എല്ലാം ആവേശം തോന്നുന്ന ഒരു സ്പെഷ്യൽ മമ്മൂട്ടി ടച്ച് അദ്ദേഹം ഇതിലും കൊണ്ടുവന്നിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ ഒരു സാധാരണ പ്രേഷകൻ ആസ്വദിക്കുന്ന രീതിയിൽ ആ രംഗങ്ങൾ മികച്ചതായി വന്നിട്ടുണ്ട്.

ജസ്റ്റിൻ വർഗീസ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഫൈസ് സിദ്ദിഖിന്റെ ക്യാമറാ മികവും സിനിമയുടെ ഒഴുക്കിനു വേണ്ട തീവ്രത കൂട്ടി. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർക്ക് തുല്യ പ്രാധാന്യം നൽകുന്ന റോൾ തന്നെയാണ് കൊടുത്തത് എങ്കിലും അമല പോൾ കൂടുതൽ സ്കോർ ചെയ്തു എന്ന് തോന്നി. മമ്മൂട്ടിക്കൊത്ത അന്യഭാഷാ വില്ലൻ ടാഗിൽ വിനയ് റായ് വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

സിദിഖ്, ഷഹീൻ സിദ്ധിഖ്, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ് , ദിലീഷ് പോത്തൻ തുടങ്ങി നിരവധി അഭിനേതാക്കൾ ഉള്ള സിനിമയിൽ ഷൈനിന്റെ കഥാപാത്രത്തിന് അദ്ദേഹത്തിന്റെ സമീപകാല ചിത്രമായ കുമാരിയുമായി സാദ്യശ്യമുള്ളതായി തോന്നി. കഴിവുള്ള അനേകം അഭിനേതാക്കൾ ഉണ്ടായിട്ടും ചിലർക്ക് അർഹിച്ച സ്പേസ് കിട്ടിയില്ല എന്നതാണ് പോരായ്മയായി തോന്നിയത് .

സസ്പെൻസുകളുടെ കൂമ്പാരം ഒന്നും ഇല്ലെങ്കിലും സമൂഹത്തോട് പല കാര്യങ്ങളും പറയാതെ പറഞ്ഞ് അവർ ഇന്നത്തെ കാലത്ത് ആഗ്രഹിക്കുന്ന ഒരു രക്ഷകനെ മികച്ച രീതിയിൽ ചിത്രം അവതരിപ്പിച്ചിട്ടുണ്ട്. എന്തായാലും യഥാർത്ഥത്തിൽ നടന്ന സംഭവത്തെ അടിസ്ഥാനമാക്കി പറഞ്ഞുപോകുന്ന ഈ ചിത്രത്തിലൂടെ ഉദയകൃഷ്ണയും ബി ഉണ്ണിക്കൃഷ്ണനും കയ്യടിയർഹിക്കുന്നു.