ആറാട്ട്, മോഹന്‍ലാലിന്റെ വിന്റേജ് വിളയാട്ടം; റിവ്യൂ

ആരാധകരുടെ വാക്കുകള്‍ കടമെടുത്താല്‍ നെയ്യാറ്റിന്‍കര ഗോപനായുള്ള മോഹന്‍ലാലിന്റെ വിളയാട്ടം തന്നെയാണ് ‘ആറാട്ട്’. ഉയകൃഷ്ണയുടെ സംവിധാനത്തില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ ഉത്സവാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ‘I am coming’ എന്ന മെസേജ് അയച്ച് മിനിറ്റുകള്‍ക്കുള്ളില്‍ 2255 നമ്പറിലെ ബ്ലാക്ക് വിന്റേജ് ബെന്‍സില്‍ വന്നിറങ്ങുന്ന നെയ്യാറ്റിന്‍കര ഗോപന്‍ ഒരു മോഹന്‍ലാല്‍ ഫാനിന് എല്ലാ അര്‍ത്ഥിലും ഒരു സെലിബ്രേഷന്‍ തന്നെയാണ്.

ആക്ഷന്‍, പാട്ട്, ഡാന്‍സ്, കോമഡി, മാസ് ഡയലോഗുകള്‍ എന്നിവയെല്ലാം അടുക്കിയൊതുക്കിയ ഒരു പാക്കേജാണ് ആറാട്ട്.  ഏറെ കാലങ്ങള്‍ക്കു ശേഷം ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്ന്‍മെന്റുമായി മോഹന്‍ലാല്‍ മടങ്ങി എത്തിയതിനാലാവാം ആദ്യ പകുതിയില്‍ ഹിസ് ഹൈനസ് അബ്ദുള്ളയില്‍ തുടങ്ങി, മണിച്ചിത്രത്താഴ്, ചന്ദ്രലേഖ, നരസിംഹം, ആറാം തമ്പുരാന്‍, ലൂസിഫര്‍ എന്നീ ഹിറ്റ് സിനിമകള്‍ ഇളക്കി ചേര്‍ത്ത് ഒരു കോക്ക്‌ടെയ്ല്‍ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തു നിന്നും പാലക്കാട് പാട്ടത്തിനെടുത്ത ഭൂമിയുമായി ബന്ധപ്പെട്ടുള്ള ഇടപാട് സംബന്ധിച്ചുള്ള ഗോപന്റെ യാത്രയോടെയാണ് ആറാട്ടിന് തുടക്കമാകുന്നത്. ആദ്യ പത്തു മിനുറ്റിന് ശേഷം ഒരു പക്കാ മോഹന്‍ലാല്‍ ഷോ ആയി ചിത്രം മാറുന്നുണ്ട്. കോമഡിയും ആക്ഷനുമൊക്കെയായി മോഹന്‍ലാല്‍ കളം നിറയുന്ന കാഴ്ചയാണ് പിന്നെ കാണാനാവുക.

ഊര്‍ജ്ജസ്വലതയോടെ നൃത്തം ചെയ്യുന്ന, മെയ് വഴക്കത്തോടെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന താരത്തെ സിനിമയില്‍ കാണാം. സിനിമയുടെ ആദ്യ മണിക്കൂറില്‍ തുടങ്ങി ക്ലൈമാക്‌സ് എത്തുമ്പോഴേക്കും നാല് ഫൈറ്റ് സീനുകള്‍ കണ്ടു കഴിയാം. കെജിഎഫ് വില്ലനുമായുള്ള ഫൈറ്റ് സീനും ക്ലൈമാക്‌സിലെ രംഗങ്ങളുമൊക്കെ മികച്ചു നില്‍ക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ ചിത്രീകരിക്കാനും സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

സംവിധായകന്‍ എന്ന നിലയില്‍ ബി. ഉണ്ണികൃഷ്ണന്റെ ഏറ്റവും മികച്ച ചിത്രമാണ് ആറാട്ട് എന്ന് തന്നെ പറയാം. അറുപത്തഞ്ചോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആര്‍.ഡി.ഒ ആയാണ് നായിക ശ്രദ്ധ ശ്രീനാഥ് ചിത്രത്തില്‍ എത്തുന്നത്. സായ്കുമാര്‍, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്സേന, സീത, തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍ ഒരു ഗാനരംഗത്തിലും എത്തുന്നുണ്ട്. എല്ലാവര്‍ക്കും അവരുടേതായ പ്രാധാന്യം തിരക്കഥാകൃത്ത് സിനിമയില്‍ കൊടുത്തിട്ടുമുണ്ട്. ആക്ഷന്‍ രംഗങ്ങളും പാലക്കാടിന്റെ മനോഹാരിതയും ഛായാഗ്രാഹകന്‍ വിജയ് ഉലകനാഥ് ഒപ്പിയെടുത്തിട്ടുണ്ട്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ്.