പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്‍, ക്ലൈമാക്‌സ്; തിരക്കഥയുടെ കരുത്തില്‍ ട്വന്റിവണ്‍ ഗ്രാംസ്

തിരക്കഥയുടെ കരുത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍. അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ട്വന്റിവണ്‍ ഗ്രാംസ് എന്ന ഇ്#വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം. പ്രേക്ഷകന്റെ ചിന്തകളെ അട്ടിമറിക്കുന്ന ട്വിസ്റ്റുകളും, ഗംഭീര ക്ലൈമാക്‌സുംകൊണ്ട് കാഴ്ചക്കാരെ കയ്യടിപ്പിക്കുന്ന ചിത്രം.

ആശുപത്രി ജീവനക്കാരിയായ പെണ്‍കുട്ടിയുടെ മരണത്തിലാണ് ചിത്രത്തിന്റെ തുടക്കം. പെണ്‍കുട്ടിയുടെ മരണത്തിന് തൊട്ടടുത്ത ദിവസം സഹോദരനും കൊല്ലപ്പെടുന്നതോടെ അന്വേഷണം കേരളാ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിലേക്കെത്തുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോറായി ചിത്രത്തില്‍ അനൂപ് മേനോന്‍ എത്തുമ്പോള്‍ സഹായിയായി അനു കൃഷ്ണയും മെറീന മൈക്കിളും. അനൂപ് മേനോന്‍ എന്ന നടന്റെ അഭിനയശൈലി വെളിവാക്കാനുതകുന്ന വേഷമല്ലെങ്കിലും, മികച്ച അന്വേഷണ പാതയ്‌ക്കൊപ്പം തന്നെ നല്ല കുടുംബനാഥനായും ചിത്രത്തില്‍ കാണാം.

മകളുടെ മരണത്തോടെ ജീവച്ഛവമായ ഭാര്യയെ തിരിച്ചുകൊണ്ടുവരാന്‍ ഒരു തരത്തില്‍ കഷ്ടപ്പെടുമ്പോള്‍ തന്നെ അന്വേഷണത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാന്‍ നന്ദകിഷോര്‍ തയ്യാറാകുന്നില്ല. അനൂപ് മേനോന്റെ ഭാര്യയായി എത്തിയ ലിയോണ ലിഷോയ് നന്ദകിഷോറിന്റെ ഭാര്യയുടെ റോള്‍ മനോഹരമാക്കി. രണ്ട് മരണങ്ങളില്‍ തുടങ്ങിയ അന്വേഷണത്തില്‍ ഉണ്ടാകുന്ന കൊലപാതകങ്ങളും ട്വിസ്റ്റുകളും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയിലൂടെയാണ് സഞ്ചരിപ്പിക്കുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ജോണറില്‍ അടുത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ വ്യത്യസ്ത രീതിയിലാണ് ട്വന്റിവണ്‍ ഗ്രാംസ് ഒരുക്കിയത്.

തുടക്കക്കാരനെന്ന പരിഭവമില്ലാതെ കാഴ്ചക്കാരനില്‍ ആകാംക്ഷയുണര്‍ത്തി തന്റെ വരവറിയിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍. ത്രില്ലര്‍ ചിത്രത്തിന് കരുത്തുപകരുന്ന പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ടതാണ്. ദീപക്‌ദേവാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്. ബ്ലാക് ടോണില്‍ ചിത്രീകരിച്ച ട്വന്റി വണ്‍ഗ്രാംസിന്റെ ക്യാമറ കൈകാര്യം ചെയ്തത് ജിത്തു ദാമോധറാണ്. ആകാശ ദൃശ്യങ്ങളും റോഡ് ദൃശ്യങ്ങളും മികച്ച രീതിയിലാണ് എഡിറ്റര്‍ അപ്പു ഭട്ടതിരി കോര്‍ത്തിണക്കിയത്.

അന്വേഷണ പാതയില്‍ നീങ്ങുന്ന ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ അല്‍പ സമയത്തേക്ക് ലാഗ് അടിപ്പിക്കുന്നുണ്ടെങ്കിലും പ്രേക്ഷകനെ കൊണ്ട് ക്ലൈമാക്‌സിലേക്ക് ചിന്തിപ്പിക്കുകയാണ് സംവിധായകന്‍. എന്നാല്‍ പ്രേക്ഷകന്റെ ചിന്തകളെ അസ്ഥാനത്താക്കിയുള്ള ട്വിസ്റ്റുകളും അട്ടിമറി ക്ലൈമാക്‌സുമാണ് തിയേറ്ററില്‍ കയ്യടി ഉയര്‍ത്തുന്നത്. രണ്ടാം പകുതിയില്‍ ശക്തമാകുന്ന സംവിധായകന്‍ രഞ്ജിത്തിന്റെ കഥാപാത്രം ഗംഭീരമായി. അവതാരകന്‍ ജീവയുടെ നിഖില്‍ നാരായണന്‍, രഞ്ജിപണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്‍, എസ്പിയായി എത്തുന്ന ലെന, നന്ദുവിന്റെ ഫാദര്‍ ജോസഫ്, ബിനീഷ് ബാസ്റ്റിന്‍, മാനസ രാധാകൃഷ്ണന്‍, അജി ജോണ്‍ എന്നിവരും നല്ല പ്രകടനം കാഴ്ചവെക്കുന്നു. ദി ഫ്രണ്ട്‌റോ പ്രൊഡക്ഷന്റെ ബാനറില്‍ റിനീഷ് കെ എന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Read more

കഥയ്ക്ക് അനുയോജ്യമായ പാത്രസൃഷ്ടിയും എടുത്തുപറയേണ്ടതാണ്. വൈകാരിക മുഹൂര്‍ത്തങ്ങളും, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ബോറടിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രമാണ് 21ഗ്രാംസ്. ഒപ്പം അദ്യ ചിത്രത്തിലൂടെ മലയാളത്തിലേക്ക് മികച്ചൊരു സംവിധായകനായി ബിബിന്‍കൃഷ്ണയും.