മാനനഷ്ട കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി; ആംബര്‍ ഹേര്‍ഡ് വന്‍തുക നഷ്ടപരിഹാരം നല്‍കണം

ഹോളിവുഡ് താരം ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി വിധി. മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി കോടതി വിധിച്ചു.

ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണം. യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പറഞ്ഞത്. മുന്‍ ഭര്‍ത്താവ് ജോണി ഡെപ്പിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ആംബര്‍ ഹേഡ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.

ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷമാണ് കോടതിയുടെ വിധി പ്രസ്താവം. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തില്‍ എത്തിചേര്‍ന്നത്.

ജൂറി തനിക്ക് തന്റെ ജീവിതം തിരികെ തന്നുവെന്നാണ് വിധിയോട് ജോണി ഡെപ്പ് പ്രതികരിച്ചത്. അതേസമയം, വിധിയില്‍ തൃപ്തിയില്ലെന്നും കോടതിവിധി ഹൃദയം തകര്‍ത്തെന്നും ആംബര്‍ ഹേഡ് പ്രതികരിച്ചു.

2015-ലാണ് ഡെപും ഹേഡും വിവാഹിതരാകുന്നത്. 2017-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.