‘ടോപ് ഗണ്‍: മാവെറിക്ക്’; ടോം ക്രൂസിനെ സൂപ്പര്‍ സ്റ്റാറാക്കിയ ചിത്രത്തിന് രണ്ടാം ഭാഗം- ട്രെയിലര്‍

ടോം ക്രൂസിനെ ഒരു സൂപ്പര്‍ മൂവി സ്റ്റാര്‍ ആക്കി മാറ്റിയ ചിത്രമായിരുന്നു 1986 ല്‍ ടോണി സ്‌കോട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടോപ് ഗണ്‍. ടോമിന്റെ മാത്രമല്ല ടോണി സ്‌കോട്ടിന്റെ തന്നെ കരിയറിനും ഒരു വഴിത്തിരിവായ ചിത്രമാണിത്. ടോമിന്റെ ചിത്രങ്ങള്‍ തിരയുമ്പോള്‍ ആദ്യമൊക്കെ മിഷന്‍ ഇമ്പോസ്സിബിളിലും മറ്റുമാണ് കണ്ണുടക്കുകയെങ്കിലും ടോപ് ഗണ്ണിനും നിരവധി ആരാധകരുണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ടോമിന് 24 വയസുള്ളൂ എന്നതാണ് മറ്റൊരു അത്ഭുതം.

ഇപ്പോഴിതാ 33 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. ‘ടോപ് ഗണ്‍: മാവെറിക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ടോപ് ഗണ്‍ സ്‌കൂളിലെ പുതിയ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ആയി ടോം വരുന്നിടത്താണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ആദ്യ കഥാപാത്രത്തിലെ തന്റെ സുഹൃത്തായിരുന്ന ഗൂസിന്റെ മകനെ പൈലറ്റാക്കാന്‍ ടോം നടത്തുന്ന പ്രയത്‌നമാണ് ചിത്രം പറയുക.

ട്രോണ്‍ ലെഗസി, ഒബ്ലിവിയോണ്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ജോസഫ് കൊസിന്‍സ്‌കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈല്‍സ് ടെല്ലെര്‍, വാല്‍ കില്‍മെര്‍, ജെന്നിഫര്‍ കോണെല്ലി, ഗ്ലെന്‍ പവല്‍, എഡ് ഹാരിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം 2020 ജൂണ്‍ 26ന് തിയേറ്ററുകളിലെത്തും.