'ഇതില്‍ എന്ത് പുതുമയാണ് ഉള്ളത്, വെറും കൂട്ടിച്ചേര്‍ക്കലാണ്'; സൂപ്പര്‍മാനെ ഉഭയവർഗാനുരാഗിയാക്കുന്നതില്‍ വിമര്‍ശനവുമായി മുന്‍ 'സൂപ്പര്‍മാന്‍'

സൂപ്പര്‍മാനെ ഉഭയവര്‍ഗാനുരാഗിയാക്കി അവതരിപ്പിക്കുന്നതിന് എതിരെ ടിവി സീരിസില്‍ സൂപ്പര്‍മാനായി വേഷമിട്ട താരം. ടിവി സീരിസില്‍ സൂപ്പര്‍മാനായി അഭിനയിച്ച ഡീന്‍ കെയിനാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് സൂപ്പര്‍മാനെ ഉഭയവർഗാനുരാഗിയാക്കി അവതരിപ്പിക്കുമെന്ന് ഡി.സി കോമിക്‌സ് പ്രഖ്യാപിച്ചത്.

1990കളില്‍ പ്രശസ്തമായ ടിവി സീരിസ് ലോയിസ് ആന്റ് ക്ലര്‍ക്ക്: ന്യൂ അഡ്വഞ്ചര്‍ ഓഫ് സൂപ്പര്‍മാന്‍ എന്ന സീരിസിലാണ് ഡീന്‍ കെയിന്‍ സൂപ്പര്‍മാനെ അവതരിപ്പിച്ചത്. ഇത് വളരെ ധൈര്യമായ പുത്തന്‍ കാഴ്ചപ്പാടാണ് എന്ന് അവര്‍ പറയുമ്പോള്‍, ഇത് വെറും കൂട്ടിച്ചേര്‍ക്കലാണ് എന്ന് താന്‍ പറയും.

കുറച്ച് മാസം മുമ്പാണ് ബാറ്റ്മാന്‍ കോമിക്‌സിലെ റോബിനെ ഇവര്‍ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിച്ചത്. അതിനാല്‍ തന്നെ ഇതില്‍ എന്ത് ധൈര്യവും പുതുമയുമാണ് ഉള്ളത്, ആരാണ് ഇത് കേട്ട് ഞെട്ടാന്‍ പോകുന്നത് എന്നാണ് ഡീന്‍ കെയിന്‍ ചോദിക്കുന്നത്. നിലവില്‍ സൂപ്പര്‍ ഗേള്‍ സീരിസിലാണ് ഡീന്‍ അഭിനയിക്കുന്നത്.

ഡി.സി കോമിക് സീരിസായ ‘സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍’ അഞ്ചാ പതിപ്പ് മുതലാണ് സൂപ്പര്‍മാനെ ഉഭയവർഗാനുരാഗിയായി അവതരിപ്പിക്കുന്നത്. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകന്‍ ജോണ്‍ കെന്റ് ആണ് പുതിയ സൂപ്പര്‍മാന്‍. നേരത്തെ പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി കെന്റ് പ്രണയത്തിലായിരുന്നു.

എന്നാല്‍ ഇത്തവണ ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്. സൂപ്പര്‍മാന്റെ സ്വഭാവികമായ എല്ലാ പ്രത്യേകതകളും നിലനിര്‍ത്തിയാണ് പുതിയ സാഹചര്യത്തിലേക്ക് കഥ കൊണ്ടു പോകുന്നത് എന്നും ഇത് വലിയ പരിണാമം തന്നെയാണ് എന്നുമാണ് കഥാകൃത്തായ ടോം ടെയ്ലര്‍ പറയുന്നത്.