സ്ത്രീകള്‍ക്കും കറുത്തവര്‍ക്കും സ്ഥാനമില്ല; ഓസ്‌കര്‍ സംവിധായക നാമനിര്‍ദേശത്തില്‍ വംശീയതയെന്ന് ആക്ഷേപം

92-ാമത് ഓസ്‌കര്‍ നാമനിര്‍ദേശത്തില്‍ സ്ത്രീവിരുദ്ധതയും വംശീയതയുമെന്ന് ആക്ഷേപം. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് വിഭാഗം നാമനിര്‍ദേശമാണ് വിവാദമായത്. മികച്ച സംവിധായകര്‍ക്കുള്ള നാമനിര്‍ദേശ പട്ടികയില്‍ സ്ത്രീ സംവിധായകരില്ല. ആറു നാമനിര്‍ദേശം ലഭിച്ച “ലേഡി ബേര്‍ഡി”ന്റെ സംവിധായിക ഗ്രെറ്റ ഗെര്‍വിഗിന് പോലും സംവിധായക പട്ടികയില്‍ ഇടം ലഭിച്ചില്ല.

ഓസ്കര്‍ ചരിത്രത്തില്‍ 87-ാം തവണയാണ് സ്ത്രീകളില്ലാത്ത സംവിധായിക നാമനിര്‍ദേശം. ഈ വര്‍ഷം മികച്ച ചിത്രങ്ങളൊരുക്കിയ നിരവധി സ്ത്രീകള്‍ ഉണ്ടായിട്ടും മുഴുവന്‍ പേരും പുറന്തള്ളപ്പെട്ടതാണ് വിവാദത്തിന് കാരണം. കറുത്ത വര്‍ഗക്കാരും ഓസ്‌കറില്‍ ഒഴിവാക്കപ്പെടുന്ന എന്ന ആക്ഷേപവുമുണ്ട്.

“ദ ഫെയര്‍വെല്‍” എന്ന ചിത്രത്തിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ കോമഡി/മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ഓക്കഫിനയും ഓസ്‌കറില്‍ പുറത്തായി. “ദ ഹസ്റ്റ്‌ലേഴ്‌സി”ല്‍ വേഷമിട്ട ജെന്നിഫര്‍ ലോപ്പസും പുറത്തായി. ഹോളിവുഡിലെ കറുത്ത വര്‍ഗക്കാരില്‍ പ്രമുഖരും ഓസ്‌കര്‍ ജേതാക്കളുമായ ലൂപിത ന്യുയോങ്, ജാമി ഫോക്‌സ് എന്നിവരെല്ലാം പുറന്തള്ളപ്പെട്ടു.