തിരക്കഥ യതീഷ് ചന്ദ്ര; 'നല്ലമ്മ' വിഷുവിന് മുമ്പെത്തും

തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെപ്പറ്റി ഒരു ഹ്രസ്വ ചിത്രം നിര്‍മ്മിക്കാനൊരുങ്ങുകയാണ് കേരള പോലീസ് . “നല്ലമ്മ” എന്നു പേരിട്ട സിനിമയുടെ കഥയും തിരക്കഥയുമെഴുതിയത് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയാണ്.

കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്റോ തട്ടിലാണ് സംവിധായകന്‍. നല്ലമ്മയുടെ മകനായി വേഷമിടുന്നതും ഇദ്ദേഹംതന്നെ. തൃശ്ശൂര്‍ ആകാശവാണിയില്‍നിന്ന് അനൗണ്‍സറായി വിരമിച്ച നടിയും ഡബ്ബിങ് കലാകാരിയുമായ എം. തങ്കമണിയാണ് നല്ലമ്മയായി അഭിനയിക്കുന്നത്.

ആറ് മക്കളുണ്ടായിട്ടും ആരും നോക്കാനില്ലാതിരുന്ന പുത്തൂരിലെ എഴുപത്തഞ്ചുകാരിയെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ട അമ്മയെ പോലീസ് മകനൊപ്പം തിരിച്ചയയ്ക്കുന്നതാണ് കഥ.

സിനിമയുടെ സ്വിച്ചോണ്‍ കര്‍മം ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് ടെമ്പിള്‍ സി.ഐ. പ്രേമാനന്ദകൃഷ്ണന്‍ നിര്‍വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ അപര്‍ണ ലവകുമാര്‍, ജയന്‍, ബോസ് തുടങ്ങിയവരും അഭിനയിക്കുന്നു. സുരേഷ് ബാബു (ക്യാമറ), ജിത്ത് അന്തിക്കാട് (കലാസംവിധാനം), ശ്രീധരന്‍ വടക്കേക്കാട് (മേക്കപ്പ്) തുടങ്ങിയവരാണ് മറ്റ് ശില്പികള്‍. വിഷുവിനു മുമ്പായി സിനിമ പുറത്തിറങ്ങും