യഷിന്റെ 'ടോക്സിക്' ടീസർ വിവാദം; ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നടി

യഷിന്റെ ‘ടോക്സിക്’ എന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തിയത്. ശ്മശാനത്തിൽ വച്ച് ഒരു കാറിനുള്ളിൽ നടക്കുന്ന ഇന്റിമേറ്റ് രംഗങ്ങളാണ് വിവാദത്തിന് തിരി കൊളുത്തിയത്. രംഗം വിവാദമായതിന് പിന്നാലെ ടീസറിൽ അഭിനയിച്ച നടി ബിയാട്രിസ് ടൗഫെൻബാച്ച് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ വരുന്നത്.

ടീസറിലെ നടി ആരെന്ന് തിരയുകയായിരുന്നു ആരാധകർ. സംവിധായിക ഗീതു മോഹൻദാസ് ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നടി ആരെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നടിയുടെ പേര് ബിയാട്രിസ് ടൗഫെൻബാക്ക് എന്നാണ്. റിപ്പോർട്ടുകൾ പ്രകാരം, ബിയാട്രിസ് ഒരു ബ്രസീലിയൻ മോഡലും നടിയുമാണ്. 2014 ൽ മോഡലായാണ് നടി തന്റെ കരിയർ ആരംഭിച്ചത്. ഒരു ഗായിക കൂടിയാണ് ബിയാട്രിസ്.

നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങിയ താരനിരയാണ് ടോക്സിക്കിൽ അഭിനയിക്കുന്നത്. മാർച്ച് 19ന് ധുരന്ദർ രണ്ടാം ഭാഗവുമായി ചിത്രം ബോക്സ് ഓഫീസിൽ ഏറ്റുമുട്ടും.

Read more