ഇറാനില്‍ നടന്നത് അമേരിക്കയുടേയും ഇസ്രയേലിന്റേയും സംയുക്ത ആക്രമണമെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍. ടെഹ്‌റാനില്‍ മിസൈലാക്രമണമാണ് നടത്തിയതെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഓഫീസുകള്‍ക്ക് സമീപമാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. 86 കാരനായ ഖമേനി ടെഹ്റാനില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹത്തെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റിയിരുന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ ടെഹ്‌റാനിലും സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനില്‍ മൂന്നു തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മിസൈല്‍ ആക്രമണമാണ് നടന്നിരിക്കുന്നത്. മധ്യ ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജംഹൗറി ഡിസ്ട്രിക്ടിനും സമീപത്തായാണ് മിസൈലുകള്‍ പതിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണമാണ് നടത്തിയത്.
ഇറാനെ ആക്രമിച്ച കാര്യം ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് സ്ഥിരീകരിച്ചിരുന്നു. മുന്‍കരുതല്‍ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി കട്‌സ് അറിയിച്ചു. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതോടെ തിരിച്ചടി ഉണ്ടാകുമെന്ന കരുതലിലാണ് ഇസ്രയേല്‍. ഇറാനിലേക്ക് ആക്രമണം നടത്തിയതിനി പിന്നാലെ രാജ്യമെങ്ങും ഇസ്രയേല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേലില്‍ പലയിടത്തും സൈറണ്‍ മുഴങ്ങി. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇസ്രയേല്‍ സൈന്യത്തിന്റെ അടിയന്തരാവസ്ഥ അറിയിപ്പാണിത്. എല്ലാ സിവിലിയന്‍ വിമാനങ്ങളും വിലക്കി ഇസ്രയേലിന്റെ വ്യോമമേഖല അടച്ചിട്ടതായി ഇസ്രയേല്‍ ഗതാഗതമന്ത്രി അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പൊതുജനങ്ങള്‍ വരരുതെന്ന മുന്നറിയിപ്പും ഇസ്രയേല്‍ വിമാനത്താവള അതോറിറ്റി നല്‍കിയിട്ടുണ്ട്. സുരക്ഷാസ്ഥിതി അനുവദിക്കുന്നതിന്റെ മുറയ്ക്ക് ഉടന്‍തന്നെ വ്യോമപാത തുറന്നുകൊടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Read more
അതിനിടയില്‍ നേരത്തെ ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ചപ്പോള്‍ ഖത്തറിലെ യുഎസ് എംബസിക്ക് നേര്‍ക്ക് ഇറാന്‍ പ്രത്യാക്രമണം നടത്തിയതിന്റെ സാഹചര്യത്തില്‍ ഷെല്‍ട്ടര്‍ഇന്‍പ്ലേസ് നടപ്പാക്കിയിരിക്കുകയാണ് ഖത്തറിലെ യുഎസ് എംബസി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്തറിലെ യുഎസ് എംബസി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഷെല്‍ട്ടര്‍ഇന്‍പ്ലേസ് നടപ്പിലാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ പൗരന്‍മാരും ഇതു പാലിക്കണമെന്ന് ശുപാര്‍ശ ചെയ്തു. ഷെല്‍ട്ടര്‍ഇന്‍പ്ലേസ് എന്നത് അടിയന്തര സുരക്ഷാ നിര്‍ദേശമാണ്. പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കാതെ ഇപ്പോള്‍ ഉള്ള സ്ഥലത്തുതന്നെ സുരക്ഷിതമായി തുടരുക എന്നതാണ് അതിന്റെ അര്‍ഥം. വീടിനുള്ളില്‍ തുടരുക, ജനലുകളും വാതിലുകളും അടയ്ക്കുക, പുറത്തെ ചലനം ഒഴിവാക്കുക, ഔദ്യോഗിക നിര്‍ദേശങ്ങള്‍ കാത്തിരിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.







