സലാറില്‍ കാമിയോ റോളില്‍ യാഷും? ഒരുങ്ങുന്നത് പ്രശാന്ത് നീല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്!

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍’ ചിത്രത്തില്‍ നടന്‍ യാഷും ഭാഗമാകും. ചിത്രത്തിന്റെ കൈമാക്‌സ് സീനില്‍ യാഷും എത്തുമെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് വരുന്നത്.

പൃഥ്വിരാജ് ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായിക. ആദ്യ എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്.

‘കെജിഎഫ് 2’വിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രത്തില്‍ പ്രഭാസിനും പൃഥ്വിക്കുമൊപ്പം യാഷും എത്തുമ്പോള്‍ ഇത് നീല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ആണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ചേര്‍ന്നുള്ള മൂന്നാമത്തെ ചിത്രമാണ് സലാര്‍.

രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 28ന് ആകും ചിത്രത്തിന്റെ റിലീസ്. വിന്റേജ് ലുക്കിലുള്ള പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.