മികച്ച 'നടി' ആയി തുടക്കം, എം.ജി സര്‍വകലാശാലയില്‍ ലക്ചറര്‍; ബാലചന്ദ്രന്റെ തൂലികയില്‍ പിറന്നതെല്ലാം സൂപ്പര്‍ ഹിറ്റ്

മലയാള സിനിമയ്ക്കും നാടക മേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു പി. ബാലചന്ദ്രന്‍. നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ ബാലചന്ദ്രന്‍ എഴുപതുകള്‍ മുതല്‍ നാടകലോകത്ത് സജീവമാണ്. മികച്ച “നടി” ആയിട്ട് ആയിരുന്നു ബാലചന്ദ്രന്റെ തുടക്കം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചില നാടകങ്ങളില്‍ പെണ്‍വേഷം കെട്ടിയായിരുന്നു ബാലചന്ദ്രന്‍ അഭിനയജീവിതം ആരംഭിച്ചത്.

കോളജ് കാലത്ത് ജി. ശങ്കരപ്പിള്ളയുടെ നാടക കളരിയിലൂടെ സജീവമായ ബാലചന്ദ്രന്‍ കോളജില്‍ ഒരു നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് തുടക്കം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ “കള്‍ട്”ല്‍ പ്രവര്‍ത്തിച്ചു. മകുടി, പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

എണ്‍പതുകളുടെ ആരംഭത്തിലാണ് ബാലചന്ദ്രന്‍ സിനിമയില്‍ സജീവമാകുന്നത്. മഹാത്മാ ഗാന്ധിയുടെ ബയോപിക് ആയി ഒരുക്കിയ ഗാന്ധി എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1982ല്‍ ആയിരുന്നു ബാലചന്ദ്രന്റെ സിനിമയിലെ അരങ്ങേറ്റം. ജനക്കൂട്ടത്തില്‍ ഒരാളായി ബാലചന്ദ്രന്‍ സിനിമയില്‍ വേഷമിട്ടു. ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍, മാനസം, പുനരധിവാസം, പൊലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി.

പുനരധിവാസം, വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, ഇവര്‍, മഹാസമുദ്രം, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, അന്നയും റസൂലും, ഇമ്മാനുവേല്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കാഞ്ചി, ജിഞ്ചര്‍, മംഗ്ലീഷ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഈട, അതിരന്‍, കോളാമ്പി, വണ്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ ബാലചന്ദ്രന്‍ അഭിനയിച്ചു.

1989ല്‍ മികച്ച നാടക രചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, പുനരധിവാസം എന്ന സിനിമയുടെ തിരക്കഥയ്ക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.