എമ്പുരാന്റെ ബജറ്റ് 150 കോടിക്കും മുകളില്‍, പ്രതിഫലമടക്കമുള്ള കണക്ക് ഇങ്ങനെ; സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍

‘എമ്പുരാന്‍’ സിനിമയുടെ ബജറ്റിനെ കുറിച്ച് ജി സുരേഷ് കുമാര്‍ സംസാരിച്ചതിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ സിനിമാ സംഘടനയ്ക്കുള്ളിലെ പോരിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നത്. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് സൂചിപ്പിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. ”ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ട്. പ്രതിഫലമടക്കം ബജറ്റ് 140-150 കോടിക്ക് മുകളില്‍ പോകും. ഞാന്‍ എമ്പുരാന്റെ സെറ്റില്‍ പോയിട്ടുണ്ട്. പൃഥ്വിരാജ് അപാര സംവിധായകന്‍ ആണ്.”

”അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സിനിമ പെര്‍ഫക്റ്റാകണം. അതിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂരുണ്ട്” എന്നാണ് സന്തോഷ് ടി കുരുവിള പറഞ്ഞത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത്. അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി എന്നത് എമ്പുരാനിലുണ്ടാകും എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ലൂസിഫറിലെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.