എന്താണ് തുറമുഖം പറയാനൊരുങ്ങുന്ന 'ചാപ്പ സമ്പ്രാദയം'?

ഒരുപാട് നിയക്കുരുകള്‍ മറികടന്നാണ് രാജീവ് രവി-നിവിന്‍ പോളി ചിത്രം ‘തുറമുഖം’ നാളെ റിലീസിന് ഒരുങ്ങുന്നത്. മൂന്നാല് തവണ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചെങ്കിലും തിയേറ്ററുകളില്‍ എത്തിയിരുന്നില്ല. ഒടുവില്‍ സിനിമ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഏറ്റെടുത്തതോടെയാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്നത്. മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് സിനിമയില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്.

1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന കാലത്താണ് കഥ തുടങ്ങുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് സിനിമയുടെ പ്രധാന പ്രമേയം. വര്‍ഷങ്ങള്‍ക്ക് മുമ്പേ കൊച്ചി തുറമുഖത്ത് നില നിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ചാപ്പ. തൊഴിലവസരം വിഭജിക്കുന്നതിനുള്ള ഒരു നടപടി ക്രമമായിരുന്നു ഇത്. കപ്പലുകളില്‍നിന്ന് ചരക്കിറക്കുന്നതിനും ചരക്കു കയറ്റുന്നതിനും കരാര്‍ എടുത്തിരുന്നത് സ്റ്റീവഡോര്‍മാര്‍ എന്ന കോണ്‍ട്രാക്ടര്‍മാരാണ്. ഇവര്‍ക്ക് വേണ്ടി തൊഴിലാളികളെ എത്തിച്ചിരുന്നത് മൂപ്പന്മാര്‍ എന്നറിയപ്പെട്ട കങ്കാണിമാരും. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കാന്‍ മൂപ്പന്മാര്‍ സ്വീകരിച്ചിരുന്നത് ചാപ്പ ഏറാണ്. ലോഹം കൊണ്ടുണ്ടാക്കിയ ടോക്കനാണ് ചാപ്പ. ഇത് കിട്ടുന്നവര്‍ക്ക് ജോലിക്ക് കയറാം എന്നതായിരുന്നു ഈ സമ്പ്രദായം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

ചാപ്പ നേടുന്നതിനായി പരക്കം പായുകയും തമ്മിലടിക്കുകയും ചെയ്യുന്ന തൊഴിലാളികളെ കങ്കാണികള്‍ ഒരു വിനോദമായി കണ്ടിരുന്നു. അടിമത്വ സമ്പ്രദായത്തിന് സമാനമായിരുന്നു അന്ന് തൊഴില്‍. ഒരുദിന തൊഴില്‍ സമയം 12 മണിക്കൂറായിരുന്നു. രണ്ട് രൂപയായിരുന്നു അതിന് കൂലി. രാത്രി കൂടിചേര്‍ത്ത് 24 മണിക്കൂര്‍ തുടര്‍ച്ചയായി തൊഴില്‍ ചെയ്താല്‍ അഞ്ച് രൂപ കൂലിയായി ലഭിക്കും. തൊഴിലാളികളുടെ എണ്ണം പെരുകിയപ്പോള്‍ തൊഴിലുടമകള്‍ കൂലി കുറച്ച് ചൂഷണം തുടങ്ങി. ഈ ചൂഷണത്തിന്റെ ഭാഗമായിരുന്നു ചാപ്പ സമ്പ്രദായം.

പ്രാകൃതമായ ഈ സമ്പ്രദായത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു. 1946 മെയ് 12-ന് തുറമുഖ തൊഴിലാളികള്‍ യോഗം ചേര്‍ന്ന് ‘കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്‍’ ഉണ്ടാക്കി, യൂണിയന്‍ തൊഴിലാളികളില്‍ അവകാശേബാധം സൃഷ്ടിച്ചതോടെ ചൂഷണത്തിന്റെ തോത് കുറഞ്ഞു. ചാപ്പ സമ്പ്രദായം നിര്‍ത്തലാക്കി പകരം തൊഴിലാളികളെ മസ്റ്റര്‍ റോള്‍ ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വച്ചു. ഇതിനായി ഡോക്ക്ലേബര്‍ ബോര്‍ഡ് രൂപവത്ക്കരിക്കണമെന്നും നിര്‍ദേശിച്ചു. അന്നത്തെ കേന്ദ്ര സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന യൂണിയന്‍ ചാപ്പ കൊടുക്കാനുള്ള അവകാശം സ്വന്തമാക്കി.

ചാപ്പ സമ്പ്രദായം അവസാനിപ്പിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി 1953 ജൂണ്‍ ഒന്നുമുതല്‍ മട്ടാഞ്ചേരിയില്‍ സംഘടിത തൊഴിലാളികള്‍ സമരം ആരംഭിച്ചു. സമരം 74 ദിവസം പിന്നിട്ട ആഗസ്ത് 14-ന് ‘എസ്.എസ്. സാഗര്‍വീണ’ എന്ന ചരക്ക് കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടു. ബാന്‍ജി ജേവത്ത് ഖോന എന്ന ഗുജറാത്തിയായിരുന്നു ആ കപ്പലിന്റെ സ്റ്റീവ്ഡോര്‍. ആ കപ്പലിലെ തൊഴിലിന് ചാപ്പ കൊടുക്കാനുള്ള അവകാശം അവര്‍ കുറച്ച് പേര്‍ക്ക് പതിച്ച് നല്‍കി. ചാപ്പ നിലനിര്‍ത്തുക എന്നതായിരുന്നു തൊഴിലുടമകളുടെ ആത്യന്തിക ലക്ഷ്യം. അതിന് യൂണിയനെ അവര്‍ കരുവാക്കുകയും ചെയ്തു. ഇതോടെ സ്റ്റീവ്ഡോറിന്റെ ബസാറിലെ കമ്പനി ഉപരോധിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചു. ആ ചേര്‍ത്ത് നില്‍പ്പ് അവസാനിച്ച മട്ടാഞ്ചേരി വെടിവയ്പ്പിലാണ്.

ഒമ്പത് വര്‍ഷം കൂടി നിണ്ടുനിന്ന ആവശ്യത്തിനൊടുവില്‍ 1962ല്‍ കൊച്ചിന്‍ ഡോക്ക് ലേബര്‍ ബോര്‍ഡ് രൂപവത്ക്കരിക്കാന്‍ അധികൃതര്‍ തയാറായി. 12000 തൊഴിലാളികള്‍ ഈ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു. ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം സ്റ്റീവ്ഡോറമാര്‍ ബോര്‍ഡിനെ അറിയിക്കുകയും, ബോര്‍ഡ് നിര വ്യവസ്ഥയില്‍ തൊഴിലാളികളെ നല്‍കുകയും ചെയ്യുന്ന സമ്പ്രദായം ആരംഭിച്ചു. ഡോക്ക് ലേബര്‍ ബോര്‍ഡ് പിന്നീട് കൊച്ചിന്‍ പോര്‍ട്ടിന്റെ ഭാഗമാക്കിയപ്പോള്‍ ബോര്‍ഡ് ലേബര്‍ ഡിവിഷന്‍ എന്നറിയപ്പെട്ടു. ഈ ചരിത്രപ്രധാനമായ സമ്പ്രദായത്തെ മുന്‍ നിര്‍ത്തിയാണ് രാജീവ് രവി ‘തുറമുഖം’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്.