ലൂസിഫറിനെ പോലെ മോദിയെയും നിങ്ങള്‍ സ്വീകരിക്കണം, നിങ്ങള്‍ക്ക് അത് സാധിക്കും; മലയാളികളോട് വിവേക് ഒബ്‌റോയ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന പിഎം നരേന്ദ്രമോദി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ കേരളീയരോട് ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് നായകന്‍ വിവേക് ഒബ്‌റോയ്. മോഹന്‍ലാലിന്റെ ലൂസിഫറിനെ സ്വീകരിച്ചതു പോലെ മലയാളികള്‍ പിഎം നരേന്ദ്രമോദി എന്ന തന്റെ ഹിന്ദി ചിത്രത്തെയും സ്വീകരിക്കണമെന്ന് അദ്ദേഹം ചിത്രത്തിന്റെ അബുദാബിയിലെ പ്രദര്‍ശനപരിപാടിയില്‍ പറഞ്ഞു.

“പിഎം നരേന്ദ്രമോദി കൊച്ചിയില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ചിത്രമാണിത്. ആശയങ്ങളോ തത്വങ്ങളോ മാറ്റിവെച്ച് ഒരു ചലച്ചിത്രമെന്ന നിലയില്‍ ചിത്രത്തെ സമീപിക്കണം. കേരളീയര്‍ക്ക് അത് സാധിക്കും. ലൂസിഫറിനെയും ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തെയും ഏറെ ഇഷ്ടപ്പെട്ടവരാണ് അവര്‍. ഈ ചിത്രത്തെയും അതുപോലെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്- ഒബ്റോയി പറഞ്ഞു.

പി.എം.നരേന്ദ്രമോദിയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ കുറിച്ച് ആഴത്തില്‍ പഠിക്കുവാന്‍ സാധിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെന്ന നേതാവ് ഉയര്‍ന്നുവന്ന വഴികളെ കുറിച്ചറിയുവാനും കഴിഞ്ഞുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഒബ്റോയി പറഞ്ഞു.

അതേസമയം”പി. എം മോദി” കാണാന്‍ ആളില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വലിയ വിജയം നേടിയ സാഹചര്യത്തിലും സിനിമയ്ക്ക് പ്രേക്ഷകരില്ല. അതോടൊപ്പം നെഗറ്റീവ് അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനുള്ളത്.