IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഐപിഎൽ 2024-ൽ വിരാട് കോഹ്‌ലി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ടൂർണമെൻ്റിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ കോഹ്‌ലി 661 റൺസ് നേടി ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ഐപിഎൽ പ്ലേഓഫ് റേസിൽ ആർസിബിയെ ഇപ്പോഴും പ്രതീക്ഷ നൽകി നിർത്തിയത് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനം തന്നെയാണ്. ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ടീം അവരുടെ അവസാന ലീഗ് മത്സരത്തിൽ ചെന്നൈയെ നേരിടും, ഒരു മികച്ച വിജയം അവരെ ആദ്യ 4-ലേക്ക് യോഗ്യത നേടുന്നതിന് സഹായിക്കും. ബാംഗ്ലൂർ ആദ്യ എട്ട് മത്സരങ്ങളിൽ ഏഴിലും തോറ്റപ്പോൾ ഒരു ഘട്ടത്തിൽ പുറത്തായി എല്ലാവരും കരുതിയത് ആയിരുന്നു. പക്ഷേ ടീം വിരാട് കോഹ്‌ലിയുടെ ശ്രദ്ധേയമായ ഫോമിന്റെ പിൻബലത്തിൽ ഒരു വലിയ വഴിത്തിരിവ് ഉണ്ടാക്കുകയും തുടർന്നുള്ള അഞ്ച് മത്സരങ്ങൾ വിജയിക്കുകയും ചെയ്തു.

ഐപിഎല്ലിനുശേഷം, വിരാട് കോഹ്‌ലി ഐസിസി ടി20 ലോകകപ്പിൽ കളിക്കും, അവിടെ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ ഇന്ത്യയെ സഹായിക്കാൻ വെറ്ററൻ ബാറ്റർ നോക്കും. കോഹ്‌ലിയുടെ കളിയോടുള്ള സമീപനത്തിൽ സെലക്ടർമാർ തൃപ്തരല്ലെന്ന് റിപ്പോർട്ടുകൾ പ്രസ്താവിച്ചതിനാൽ, ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കോഹ്‌ലിയെ എടുക്കുമോ എന്ന് തുടക്കത്തിൽ സംശയങ്ങളുണ്ടായിരുന്നു. എന്നിരുന്നാലുംഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ പ്രകടനത്തിലൂടെ കോഹ്‌ലി എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം നൽകി ടീമിൽ സ്ഥാനം ഉറപ്പിച്ചു .

അതേസമയം, 35 കാരനായ വിരാട് കോഹ്‌ലി തന്റെ കരിയർ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സൂചന നൽകിയിരിക്കുകയാണ്. തൻ്റെ ടെസ്റ്റ് കരിയർ നീട്ടാനും കുടുംബത്തിന് കൂടുതൽ സമയം നൽകാനും ടി20 ലോകകപ്പിന് ശേഷം വിരാട് വൈറ്റ് ബോൾ ഫോർമാറ്റിനോട് വിടപറയാനുമുള്ള സാധ്യതകൾ കൂടുതലാണ്. അദ്ദേഹത്തിൻ്റെ ഫിറ്റ്‌നസ് നിലവാരം കണക്കിലെടുത്ത്, ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിക്ക് കുറച്ച് വർഷങ്ങൾ കൂടി തുടരാനാകുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ കരുതുന്നു. എന്നിരുന്നാലും തന്റെ ഭാവി സംബന്ധിച്ച് താരത്തിന് വ്യക്തമായ പ്ലാനുണ്ട്. ആർക്കും ബുദ്ധിമുട്ടുകൾ തോന്നാത്ത വിധത്തിൽ തൻ്റെ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ക്രിക്കറ്റ് കളിക്കുന്നത് വരെ തൻ്റെ ഏറ്റവും മികച്ചത് നൽകാൻ ആഗ്രഹിക്കുന്നുവെന്നും ഒരിക്കൽ ക്രിക്കറ്റിനോട് വിടപറഞ്ഞാൽ പിന്നെ മടങ്ങി വരില്ല എന്നുമാണ് മുൻ ഇന്ത്യൻ നായകൻ പറഞ്ഞത്.

“ഇത് വളരെ ലളിതമാണ്. ഒരു കായികതാരമെന്ന നിലയിൽ, കരിയറിന് അവസാന തീയതി ഉണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് ഇത്തരം ചിന്തകൾ ഇഷ്ടമല്ല. പുറകിലേക്ക് പോയി ‘ഓ, ആ പ്രത്യേക ദിവസം ഞാൻ ഇത് ചെയ്തിരുന്നെങ്കിൽ എന്ത് നന്നായെന്നെ’ കാരണം എനിക്ക് എന്നെന്നേക്കുമായി മുന്നോട്ട് പോകാൻ കഴിയില്ല. അതിനാൽ, എല്ലാ ബിസിനസും പൂർത്തിയാക്കി മടങ്ങാൻ ഞാൻ ഇഷ്ടപെടുന്നു. പൂർത്തിയാകാൻ ഒന്നും ബാക്കി വെക്കാൻ ഞാൻ ആഗ്രഹിക്കില്ല. ഞാൻ ചെയ്തുകഴിഞ്ഞാൽ, ഞാൻ പോകും, ​​കുറച്ച് സമയത്തേക്ക് നിങ്ങൾ എന്നെ കാണില്ല. അതിനാൽ ഞാൻ കളിക്കുന്നത് വരെ എൻ്റെ ബെസ്റ്റ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്, ”ആർസിബി പോസ്റ്റ് ചെയ്ത വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.