വേലായുധ പണിക്കര്‍ക്ക് ഒപ്പം കുതിരപ്പുറത്തേറി പോര്‍വിളിച്ച് കയാദു; നായികയെ പരിചയപ്പെടുത്തി വിനയന്‍

സ്വപ്നച്ചിത്രമായ “പത്തൊമ്പതാം നൂറ്റാണ്ടിലെ” നായികയെ പരിചയപ്പെടുത്തി സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചാണ് നായിക കയാദു ലോഹറിനെ വിനയന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. മോഡലും നടിയുമായ കയാദു മറാത്തി, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ മലയാള അരങ്ങേറ്റ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.

നായകന്‍ സിജു വിത്സന്‍ ഒപ്പം കുതിരപ്പുറത്തേറി പോര്‍വിളിച്ച് എത്തുന്ന നായികയാണ് പോസ്റ്ററിലുള്ളത്. “”പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാര്‍ത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ..””

“”അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താര സിംഹാസനത്തിലേക്ക് സിജു വില്‍സണ്‍ എന്ന നായകനേയും കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാന്‍ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്… ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയര്‍ ചെയ്യുന്നു… നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം…”” എന്നാണ് വിനയന്റെ കുറിപ്പ്.

നവോത്ഥാന നായകനും ധീര പോരാളിയും ആയിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കര്‍ ആയാണ് സിജു വിത്സന്‍ വേഷമിടുന്നത്. കഥാപാത്രത്തിനായി മാസങ്ങളോളം കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിക്കുകയായിരുന്നു സിജു. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.