വെള്ളിത്തിരയില്‍ സ്വന്തം ജീവിതം കണ്ട് കണ്ണ് നിറഞ്ഞ് എല്‍ദോ; 'വികൃതി' പ്രേക്ഷക മനസുകള്‍ കീഴടക്കുന്നു

“മെട്രോയിലെ പാമ്പ്” എന്ന അടിക്കുറിപ്പോടെ സമൂമമാധ്യമങ്ങളില്‍ വേട്ടയാടപ്പെട്ട അങ്കമാലിക്കാരന്‍ എല്‍ദോയുടെ ജീവിതം സിനിമയായപ്പോള്‍ കയ്യടിയോടെ സ്വീകരിച്ച് പ്രേക്ഷകര്‍. കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന വാര്‍ത്തയാണ് സൈബറിടങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അവശത കൊണ്ട് ഉറങ്ങിപ്പോയതായിരുന്നു എല്‍ദോ.

തന്റെ ജീവിതം “വികൃതി” എന്ന പേരില്‍ വെള്ളിത്തിരയിലെത്തിയപ്പോള്‍ ചിത്രം കാണാനായി എല്‍ദോയും കുടുംബവും എത്തി. ചിത്രത്തില്‍ സംസാര ശേഷിയും കേള്‍വി ശേഷിയുമില്ലാത്ത എല്‍ദോയായി എത്തിയത് സുരാജ് വെഞ്ഞാറമൂടാണ്. സംസാരശേഷി ഇല്ലാത്ത എല്‍ദോയുടെ ഭാര്യയായി സുരഭി ലക്ഷ്മിയാണ് വേഷമിട്ടത്.

ഫോട്ടോ എടുത്തു പ്രചരിപ്പിച്ച സമീര്‍ ആയി സൗബിന്‍ ഷാഹിര്‍ വേഷമിട്ടു. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, വിന്‍ലി അലോഷ്യസ്, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജീഷ് പി. തോമസ്സാണ്.