ഒന്നല്ല രണ്ടല്ല ഏഴു ഗെറ്റപ്പുകളില്‍ ചിയാന്‍ വിക്രം; അന്യനും മേലെ വാഴാന്‍ കോബ്ര

ചിയാന്‍ വിക്രം നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ കോബ്രയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. വിക്രം ഏഴ് വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം ഒരുങ്ങുന്നത്. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിയാനെ പോസ്റ്ററില്‍ കാണാം. ഇമൈക്ക നൊടികള്‍, ഡിമോണ്ടെ കോളനി എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിക്രം തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം ഏഴ് ഗെറ്റപ്പുകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. സ്റ്റൈലിഷ് ലുക്കിലും പ്രായമുള്ളതായും വില്ലന്‍ ലുക്കിലുമെല്ലാം പോസ്റ്ററില്‍ വിക്രത്തെ കാണാം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആണ് സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്ക് എ.ആര്‍.റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. കോബ്രയ്ക്ക് പുറമേ ധ്രുവ നാട്ട്ചരിതം, മഹാവീര്‍ കര്‍ണ, പൊന്നിയന്‍ സെല്‍വന്‍ തുടങ്ങിയ ചിത്രങ്ങളാണ് വിക്രത്തിന്റേതായി ഒരുങ്ങുന്നത്.