മലയാളി പ്രേക്ഷകര്‍ക്കുള്ള സര്‍പ്രൈസ് വെളിപ്പെടുത്തി വിജയ് ദേവരക്കൊണ്ട; ദുല്‍ഖര്‍ സല്‍മാന്റെ പാട്ട്, കൂട്ടിന് മക്കള്‍സെല്‍വന്‍

മലയാളി പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് ഒരുക്കി വെച്ചിട്ടുണ്ടെന്ന് ഡിയര്‍ കോമ്രേഡിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ സര്‍പ്രൈസ് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായകന്‍ വിജയ് ദേവരക്കൊണ്ട.

വിജയ് ദേവേരകൊണ്ടയ്ക്കു വേണ്ടി ദുല്‍ഖര്‍ പാടുന്ന പാട്ടാണ് ഇത്.ദുല്‍ഖര്‍ മാത്രമല്ല, തമിഴില്‍ നിന്നും വിജയ് സേതുപതിയുമുണ്ട് കൂട്ടിന്. ചിത്രത്തിന്റെ മലയാളം പതിപ്പിനു വേണ്ടി ദുല്‍ഖര്‍ പാടിയപ്പോള്‍ തമിഴ് പതിപ്പിനു വേണ്ടിയാണ് വിജയ് സേതുപതിയുടെ പാട്ട്. തെലുങ്ക് പതിപ്പിനു വേണ്ടി പാടിയിരിക്കുന്നത് വിജയ് ദേവേരകൊണ്ട തന്നെയാണ്. ജസ്റ്റിന്‍ പ്രഭാകരനാണ് കോമ്രേഡ് ആന്തത്തിനു സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മൈത്രി മേക്കേഴ്സ് നിര്‍മ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.